മർച്ചന്റ് നേവിയിൽ ജോലി: കബളിപ്പിക്കാൻ വ്യാജ ഏജൻസികൾ

Monday 10 June 2024 12:08 AM IST
മർച്ചന്റ് നേവി

കരുതൽ നിർദ്ദേശവുമായി മുംബയ് ഡി.ജിയുടെ അസാധാരണ സർക്കുലർ

കാസർകോട്: മർച്ചന്റ് നേവിയിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനിടെ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കാൻ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ ഇടപെടൽ. ഇത്തരക്കാരെ തിരിച്ചറിയാനുള്ള ഒട്ടേറെ നിർദ്ദേശവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുംബയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ഉദ്യോഗാത്ഥികളുടെ അറിവിലേക്കായി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചതോടെ തട്ടിപ്പുകളുടെ വഴികൾ പുറത്തുവരികയാണ്. ഇത് ആദ്യമായാണ് ഡി.ജി ഓഫീസിൽ നിന്ന് ഈ വിധം ഒരു പൊതു സർക്കുലർ പുറപ്പെടുവിക്കുന്നതത്രെ.

ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകി ജോലി തേടി വഞ്ചിക്കപ്പെട്ടവർ, അവരുടെ കുടുംബാംഗങ്ങൾ, കപ്പലോട്ട തൊഴിലാളി സംഘടനകൾ എന്നിവരുടെ പരാതികളുടെയും ഇന്റർനാഷണൽ ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷന്റെ റിപ്പോർട്ടിന്റെയും വെളിച്ചത്തിലാണ് ഉപദേശ രൂപത്തിൽ അനുബന്ധ കൂട്ടിചേർക്കൽ അടക്കം 36 പേജുള്ള സർക്കുലർ ഡി.ജി. ഓഫീസിൽ നിന്ന് പുറപ്പെടുവിച്ചത്.

വാണിജ്യ കപ്പലുകളിൽ ജി.പി. റേറ്റിംഗ്, സലൂൺ റേറ്റിംഗ്, ഡെക്ക്, എഞ്ചിൻ ഓഫീസർന്മാർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ ജോലി നേടാനുള്ള അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെയും കപ്പലുകളിൽ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന അംഗീകൃത ഏജൻസികളുടെയും പട്ടിക സർക്കുലറിൽ ചേർത്തിട്ടുണ്ട്. നിർദ്ദിഷ്ട പരിശീലനത്തിനു ശേഷം കപ്പലിൽ ജോലി നേടാനുള്ള ആധികാരിക പ്രമാണമായ സി.ഡി.സിയും അനുബന്ധ രേഖകളുമായി ജോലിക്കായി സമീപിക്കേണ്ടത് ഇന്ത്യൻ രജിസ്റ്റേർഡ് ആർ.പി.എസ്. (റിക്രൂട്ട്മെന്റ് ആൻഡ് പ്ലയ്സ്‌മെന്റ് ഓഫ് സീഫെയറെഴ്സ്) ഏജൻസികളെയാണ്. ആർ.പി.എസ്. അംഗീകാരമില്ലാത്ത ഏജൻസികളിലൂടെ ജോലി തേടി പോകുന്നവർ പല വിധ ചതിയിൽപെട്ടുപോകുന്ന സാഹചര്യത്തിലാണ് ഡി.ജി. ഷിപ്പിംഗ് പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

എന്നാൽ ചില അംഗീകൃത ആർ.പി.എസ് ഏജൻസികളും ഇത്തരം തട്ടിപ്പുകൾ നടത്തുന്നതും ഡി.ജിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഏറെ ഗൗരവമാണെന്ന് ഇവരുടെ ചതിയിൽ പെട്ട നിരവധി പേരുടെ മോചനത്തിനായി പലപ്പോഴായി ഇടപെടേണ്ടി വന്ന സതാംപ്ട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് മാനേജർ മലയാളിയായ വി. മനോജ്‌ ജോയ് (ചെന്നൈ) പറയുന്നു.

Advertisement
Advertisement