പി. രാജീവിനെ അനുഗ്രഹിച്ച് വൈറലായ പങ്കിയമ്മക്ക് വിട

Monday 10 June 2024 12:21 AM IST

ആലുവ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി. രാജീവിനെ അനുഗ്രഹിച്ച് നവമാദ്ധ്യമങ്ങളിൽ വൈറലായ പങ്കിയമ്മക്ക് വിട. മന്ത്രി പി. രാജീവ് ഉൾപ്പെടെ നിരവധി പേർ കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളി കല്ലുപുരയ്ക്കൽ വീട്ടിൽ പങ്കജാക്ഷിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന പി. രാജീവ് കടുങ്ങല്ലൂർ കടേപ്പിള്ളിയിൽ വോട്ടർമാരെ കാണാനെത്തിയപ്പോഴാണ് പങ്കിയമ്മ അപ്രതീക്ഷിതമായി അനുഗ്രഹിച്ചത്. 'ഇക്കുറി ജയിക്കണം മോനെ' എന്ന് കണ്ണീരൊഴുക്കി പറഞ്ഞ് രാജീവിന്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന പങ്കിയമ്മയുടെ വീഡിയോ അന്ന് വൈറലായി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും ഈ വീഡിയോ എറെ ശ്രദ്ധിക്കപ്പെട്ടു.

തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും മധുരവുമായി പി. രാജീവ് ആദ്യമെത്തിയത് പങ്കിയമ്മയെ കാണാനാണ്. വ്യവസായ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി രാജീവ് മണ്ഡലത്തിലെത്തിയപ്പോഴും പങ്കിയമ്മയെ കാണാൻ സെറ്റും മുണ്ടുമായെത്തിയിരുന്നു. പങ്കിയമ്മ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കിടപ്പിലാണെന്നറിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച്ച മന്ത്രി വീട്ടിൽ സന്ദർശിക്കാനെത്തിയിരുന്നു.

2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ രാജീവ് എറണാകുളത്ത് പരാജയപ്പെട്ടപ്പോൾ മുതൽ പങ്കിയമ്മ സങ്കടത്തിലായിരുന്നു. തുടർന്നാണ് അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ അനുഗ്രഹിച്ചത്. പങ്കിയമ്മയുടെ കൊച്ചുമകൻ രാഹുൽ സാബു ഡി.വൈ.എഫ്.ഐ കടേപ്പിള്ളി യൂണിറ്റ് സെക്രട്ടറിയും പാർട്ടി അംഗവുമാണ്. മകളുടെ ഭർത്താവ് ജാനീഷ് കടേപ്പിള്ളി ഭാഗം ഉൾപ്പെടുന്ന 84 -ാം ബൂത്ത് സി.പി.എം സെക്രട്ടറിയുമാണ്. പങ്കിയമ്മയുടെ മൃതദേഹം വൈകിട്ട് ആലുവ എസ്.എൻ.ഡി.പി ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.

Advertisement
Advertisement