ജഡ്ജിമാരുടെ സ്ഥലംമാറ്റം മേഖല അടിസ്ഥാനത്തിൽ

Monday 10 June 2024 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നുമേഖലകളായി തിരിച്ച് ജുഡിഷ്യൽ ഓഫീസർമാരുടെ സ്ഥലംമാറ്റം നടപ്പാക്കാൻ ഹൈക്കോടതി തീരുമാനം. ഒരു മേഖലയിൽ മൂന്നു വർഷം പൂർത്തിയാക്കി മാറുന്നവർക്ക് ആറുവർഷംകഴിഞ്ഞേ ആ മേഖലയിൽ തിരിച്ചെത്താൻ കഴിയൂ. മറ്റു രണ്ടുമേഖലകളിലും സേവനകാലം പൂർത്തിയാക്കാൻ ആറുവർഷം വേണ്ടിവരുന്നതുകൊണ്ടാണിത്.

ഇതടക്കം, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഹൈക്കോടതി രജിസ്ട്രാർ സർക്കുലർ ഇറക്കി. സിവിൽ ജഡ്ജ്(സീനിയർ ഡിവിഷൻ), സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നിവരുടെ നിയമനങ്ങൾക്കാണ് പുതിയ മാനദണ്ഡം.

ജഡ്ജിമാരുടെ പദവികൾ മുനിസിഫ്, മജിസ്ട്രേറ്റ് എന്നിവ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്ജ് -ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എന്നിവ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) എന്നും ഭേദഗതി ചെയ്തിരുന്നു.

അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിട്ടുള്ള സ്ഥലത്തും ജന്മസ്ഥലത്തും സ്വന്തമായി ഭൂമിയുള്ള സ്ഥലത്തും നിയമനം നൽകില്ല. ഭർത്താവും ഭാര്യയും ജുഡിഷ്യൽ ഉദ്യോഗസ്ഥരാണെങ്കിൽ സീനിയോറിറ്റി പരിഗണിക്കാതെ ഒരേസ്ഥലത്ത് നിയമിക്കും. 9,11 ക്ളാസുകളിൽ പഠിക്കുന്ന മക്കളുണ്ടെങ്കിൽ മൂന്ന് വർഷം പൂർത്തിയായാലും അവിടെ തുടരാൻ പ്രത്യേക അനുമതി നൽകും.

ഹൈക്കോടതിയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്നവർക്കും കേരള ലീഗൽ സർവീസസ് അതോറിറ്റിയിലുള്ളവർക്കും വ്യവസ്ഥ ബാധകമല്ല. കുടുംബ കോടതി ജഡ്ജിമാർക്ക് ഒരു സ്ഥലത്ത് അഞ്ച് വർഷം പ്രവർത്തിക്കാം.

പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് ജഡ്ജിമാരെ ഹൈക്കോടതിക്ക് എവിടെ വേണമെങ്കിലും നിയമിക്കാം. ഒരേ ജില്ലയിൽ ഒമ്പത് വർഷം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവിടെ നിയമനം നൽകില്ലെന്ന് മാത്രം. നീതിന്യായ വ്യവസ്ഥയ്ക്ക് യോജിക്കാത്ത വിധം പ്രവർത്തിക്കുന്ന ജുഡിഷ്യൽ ഓഫീസറെ നിശ്ചിത കാലാവധിക്ക് മുമ്പ് സ്ഥലംമാറ്റാനും നിർദ്ദേശമുണ്ട്.

മൂന്നു മേഖലകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് ദക്ഷിണ മേഖല. കോട്ടയം, തൊടുപുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജുഡിഷ്യൽ ആസ്ഥാനങ്ങളാണ് മദ്ധ്യമേഖല. മഞ്ചേരി, കോഴിക്കോട്, കൽപ്പറ്റ, തലശ്ശേരി, കാസർകോട് ജുഡിഷ്യൽ ആസ്ഥാനങ്ങൾ ഉത്തരമേഖലയിലാണ്.

#ശാരീരിക വൈകല്യം

ഉള്ളവർക്ക് ഇളവ്

40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവരെ കൂടുതൽ യാത്ര ചെയ്യേണ്ട സ്ഥലങ്ങളിലേക്ക് മാറ്റില്ല. ഇവരുടെ സ്ഥലം മാറ്റത്തിൽ സീനിയോറിറ്റി ബാധകമല്ല. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, മൂന്നു വർഷം തികയ്ക്കാത്ത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ അപേക്ഷകൾ സ്വീകരിക്കില്ല.

Advertisement
Advertisement