സ്കൂൾ ഉച്ചഭക്ഷണ തുക വർദ്ധനവ് അപര്യാപ്തം: കെ.പി.എസ്.ടി.എ

Sunday 09 June 2024 11:25 PM IST

കൊല്ലം: സ്കൂൾ ഉച്ചഭക്ഷണതുക വർദ്ധനവ് അപര്യാപ്തമാണെന്നും തുക കൂടൂതൽ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ ആവശ്യപ്പെട്ടു .

പി.എം പോഷൺ പദ്ധതി പ്രകാരം കേരളത്തിൽ നടപ്പാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിന്റെ പാചക ചെലവിനത്തിലെ തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് 2016 ൽ നിശ്ചയിച്ച തുക വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ മുട്ട, പാൽ എന്നിവയ്ക്ക് പ്രത്യേകം തുക ബഡ്ജറ്റിൽ വകയിരുത്തിയതായി സർക്കാർ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ തുക വർദ്ധനയിൽ തീരുമാനം ഉടൻ ഉണ്ടാകണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ഉടൻ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് സർക്കാർ പുതുക്കിയ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയത്. സപ്ലിമെന്ററി ന്യൂട്രീഷൻ ഒഴികെയുള്ള തുക എന്നാണ് ഉത്തരവിലുള്ളത്.

Advertisement
Advertisement