പ്ലസ് വൺ ആദ്യഘട്ട അലോട്ട്മെന്റ്: ജില്ലയിൽ പ്രവേശനം നേടി 17,005 പേർ

Sunday 09 June 2024 11:28 PM IST

കൊല്ലം: ജില്ലയിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്പോൾ സ്ഥിരപ്രവേശനം നേടിയത് 9,809 കുട്ടികൾ. ഉയർന്ന ഓപ്ഷനുകൾ കിട്ടുമെന്ന പ്രതീക്ഷയിൽ 7196 പേരാണ് താത്കാലിക പ്രവേശനം നേടിയത്.

ജില്ലയിൽ ആകെ 17,005 കുട്ടികളാണ് പ്രവേശന നടപടികൾ പൂർത്തീകരിച്ചത്. സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശനസമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന 73 പേരുടെ അലോട്ട്മെന്റ് റദ്ദാക്കി. 2354 പേർ പ്രവേശനം നേടിയില്ല. പോളിടെക്നിക്, ഐ.ടി.ഐ, വി.എച്ച്.എസ്.സി തുടങ്ങിയ കോഴ്സുകളിൽ ചേരാനിരിക്കുന്നവരാണ് പ്രവേശനം നേടാതിരുന്നതിൽ ഭൂരിഭാഗവും. ആദ്യ അലോട്ട്മെന്റിന് ശേഷം 3,066 സീറ്റാണ് മിച്ചം ഉണ്ടായിരുന്നത്. ഇതിന്റെ കൂടെ പ്രവേശനം നേടാത്ത സീറ്റുകളും റദ്ദായ സീറ്റുകളും രണ്ടാംഘട്ട അലോട്ട്മെന്റിനായി മാറ്റിവയ്ക്കും. 5,493 സീറ്റാണ് മൂന്നുവിഭാഗങ്ങളിലുമായി ആകെയുള്ളത്.

സ്പോർട്സ് ക്വാട്ടയിൽ 505 കായികതാരങ്ങൾക്കാണ് അലോട്ട്മെന്റ് ലഭിച്ചിരുന്നത്. ഇവരിൽ 186 സ്ഥിരപ്രവേശനവും 144 പേർ താത്കാലിക പ്രവേശനവും നേടി. 175 കുട്ടികൾ പ്രവേശനം നേടിയില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യഘട്ട അലോട്ടമെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായത്.

ആകെ അപേക്ഷകർ 32,262

ജില്ലയിൽ ആകെ 32,262 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 19,432 പേരാണ് ആദ്യഘട്ട അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ളത്. 22,364 സീറ്റുകളാണ് ആകെയുള്ളത്. പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് 12ന് പ്രസിദ്ധീകരിക്കും.

Advertisement
Advertisement