ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്: പേ വിഷബാധ പേടിക്കണം

Sunday 09 June 2024 11:34 PM IST

കൊല്ലം: തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമായതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ശനിയാഴ്ച ക്ലാപ്പന, ഓച്ചിറ, കെ.എസ്.പുരം എന്നീ പഞ്ചായത്തുകളിൽ 40 ഓളം പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന വാഹകർ. പൂച്ച, കുറുക്കൻ, അണ്ണാൻ, കുതിര, വവ്വാൽ, എലി എന്നിവയും രോഗവാഹകരാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാ നാഡിയെയും തലച്ചോറിനെയും ബാധിക്കും. യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കിലും മരണം വരെ സംഭവിക്കാം.

പ്രഥമ ശുശ്രൂഷ പ്രധാനം

 പച്ചവെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിട്ട് കഴുകുക

 പൈപ്പിൽ നിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നത് ഉത്തമം

 ബെറ്റാഡിൻ അയഡിൻ സൊല്യൂഷൻ പോലുള്ള അണുനാശിനികൾ ഉപയോഗിക്കാം

 മുറിവ് അമർത്തി കഴുകുകയോ കെട്ടിവയ്ക്കുകയോ ചെയ്യരുത്

 കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾ തുടങ്ങിയവ പുരട്ടരുത്

രോഗലക്ഷണം

 തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് വേദനയും തരിപ്പും

 വെളിച്ചത്തോടും വായുവിനോടും വെള്ളത്തോടുമുള്ള ഭയം

 ലക്ഷണങ്ങൾ പ്രകടമാവാൻ സാധാരണ 2 മുതൽ 3 മാസം

 ചിലപ്പോൾ ഒരാഴ്ച മുതൽ ഒരുവർഷം വരെ എടുത്തേക്കാം

പ്രതിരോധ മാർഗങ്ങൾ

വളർത്ത് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുക

 കടിയോ മാന്തലോ പോറലോ ഏറ്റാൽ കുത്തിവയ്പ്പെടുക്കണം

 ഇൻട്രാ ഡെർമൽ റാബിസ് വാക്‌സിനേഷൻ ഗവ. ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യം

 ആദ്യ മൂന്ന് ഡോസ് സമ്പർക്കം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ നൽകണം

കുത്തിവയ്പ്പ് - 0, 3, 7, 28 ദിവസങ്ങളിൽ

ചികിത്സാ മാനദണ്ഡം

കാറ്റഗറി 1

മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഇവയ്ക്ക് കുത്തിവയ്പ്പ് വേണ്ട. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാൽ മതി

കാറ്റഗറി 2

തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കണം

കാറ്റഗറി 3

രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി. ഇവയ്ക്ക് ഐ.ഡി.ആർ.വി, എച്ച്.ആർ.ഐ.ജി എടുക്കണം

ഹ്യൂമൻ റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ (എച്ച്.ആർ.ഐ.ജി ) ഗവ. മെഡിക്കൽ കോളേജിലും ജില്ലാ - ജനറൽ ആശുപത്രികളിലും ലഭ്യമാണ്.

ആരോഗ്യ വകുപ്പ് അധികൃതർ

Advertisement
Advertisement