ഫോൺ വിളിക്ക് ചെലവേറും

Monday 10 June 2024 12:37 AM IST

കൊച്ചി: പുതിയ സർക്കാർ അധികാരമേറ്റതോടെ മൊബൈൽ ഫോൺ നിരക്കുകൾ വർദ്ധിപ്പിക്കാൻ മുൻനിര ടെലികോം കമ്പനികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയും തയ്യാറെടുക്കുന്നു. പ്രവർത്തന ചെലവ് കുത്തനെ ഉയർന്നതിനൊപ്പം 5ജി സേവനങ്ങൾ രാജ്യമൊട്ടാകെ ലഭ്യമാക്കുന്നതിന് വലിയ നിക്ഷേപം ആവശ്യമായി വരുന്നതുമാണ് കാൾ നിരക്കുകൾ കുത്തനെ ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്. സ്പെക്ട്രം ലേലത്തിലെ വലിയ ബാദ്ധ്യതയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി വലിയ നിക്ഷേപം നടത്തിയതും കണക്കിലെടുത്ത് താരിഫ് വർദ്ധന അനിവാര്യമാണെന്ന് കമ്പനികൾ പറയുന്നു.

ഭാരതി എയർടെല്ലാകും ആദ്യ ഘട്ടത്തിൽ നിരക്കുകൾ ഉയർത്താൻ സാദ്ധ്യത. തുടർന്ന് മറ്റ് കമ്പനികളും ചാർജുകൾ കൂട്ടാനാണ് ആലോചിക്കുന്നത്. ആഗോള ടെലികോം വിപണിയിൽ നിലവിൽ ഒരു ഉപഭോക്താവിൽ നിന്നുള്ള പ്രതിയോഹരി വരുമാനം(എ.ആർ.പി.യു) ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫ് ഉയർത്തിയില്ലെങ്കിൽ ടെലികോം കമ്പനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും അവർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെലികോം നിരക്കുകൾ ഇരുപത്തിയഞ്ച് ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്.

ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം(എ.ആർ.പി.യു) മുന്നൂറ് രൂപയിലധികമാകാതെ ഇന്ത്യയിലെ ടെലികാേം സേവനങ്ങൾ ലാഭകരമായി നൽകാനാവില്ലെന്ന നിലപാടാണ് ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തലിനുള്ളത്. നിലവിൽ എയർടെല്ലിന്റെ എ.ആർ.പി.യു 209 രൂപ മാത്രമാണ്. റിലയൻസ് ജിയോ 182 രൂപയും വോഡഫോൺ ഐഡിയ 146 രൂപയുമാണ് പ്രതിമാസം ഉപഭോക്താക്കളിൽ നിന്ന് ശരാശരി വരുമാനമായി നേടുന്നത്.

കമ്പനി ശരാശരി പ്രതിമാസ വരുമാനം(എ.ആർ.പി.യു)

ഭാരതി എയർടെൽ 209 രൂപ

റിലയൻസ് ജിയോ 182 രൂപ

വോഡഫോൺ ഐഡിയ 146 രൂപ

നിരക്കിൽ പ്രതീക്ഷിക്കുന്ന വർദ്ധന

25%

Advertisement
Advertisement