മങ്കര കാളികാവ് റെയിൽവേ മേൽപാലം: റെയിൽവേ 31.63 കോടി രൂപ അനുവദിച്ചു

Monday 10 June 2024 1:38 AM IST

മേൽപാല നിർമ്മാണം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി

നിർമ്മാണ ചെലവ് പൂർണമായും റെയിൽവേ വഹിക്കും.

15 ഭൂവുടമകളിൽ നിന്നു സ്ഥലം ഏറ്റെടുക്കും

പത്തിരിപ്പാല: മങ്കര കാളികാവിൽ റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിനായി റെയിൽവേ മന്ത്രാലയം തുക അനുവദിച്ചു. പൂർണമായും റെയിൽവേയുടെ ചെലവിൽ നിർമ്മിക്കുന്ന മേൽപാലത്തിനായി 31.63 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മേൽപാലത്തിനായി മുറവിളി തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി. പ്രതിദിനം എൺപതിൽപ്പരം ട്രെയിനുകൾ കടന്നുപോകുന്നതിനാൽ കാളികാവ് ഗേറ്റ് അടച്ചിടുന്നതു പതിവാണ്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. മേൽപാലത്തിനായി മണ്ണു പരിശോധനയും സ്ഥലം സവേയും നടന്നിട്ടു വർഷങ്ങളായി. ഭൂവുടമകൾ സ്ഥലം വിട്ടു നൽകാൻ തയാറാണെങ്കിലും തുടർ നടപടി വൈകുകയായിരുന്നു.

സ്ഥലം സർവേ പൂർത്തിയാക്കിയതോടെ കഴിഞ്ഞ ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർമ്മാണോദ്ഘാടനം നിർവഹിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ആറ് റെയിൽവേ മേൽപാലങ്ങളുടെ നിർമ്മാണത്തിനായി റെയിൽവേ മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ലഭിച്ചത്.

15 ഭൂവുടമകളിൽ നിന്നു സ്ഥലം ഏറ്റെടുക്കുന്നതോടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ

റെയിൽവേ സ്റ്റേഷൻ അനുവദിക്കണമെന്ന്
പത്തിരിപ്പാല ഭാഗത്തു നിന്നു കോട്ടായി, കുഴൽമന്ദം ഭാഗത്തേക്കു പോകാനുള്ള പ്രധാന റോഡാണിത്. വരുമാനം കുറവാണെന്ന കാരണത്താൽ മങ്കര റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം 2017ൽ അവസാനിപ്പിച്ചിരുന്നു. കാളികാവിൽ മേൽപാലം നിർമ്മിക്കുന്നതിനൊപ്പം റെയിൽവേ സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

Advertisement
Advertisement