റബർ വില ഡബിൾ സെഞ്ച്വറിയിലേക്ക്

Monday 10 June 2024 12:38 AM IST

കോട്ടയം: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ റബർ വില പന്ത്രണ്ട് വർഷത്തിന് ശേഷം ഇരുനൂറ് രൂപയിലേക്ക്. വാരാന്ത്യത്തിൽ റബർബോ‌ർഡ് പ്രഖ്യാപിച്ച വില കിലോക്ക് 196 രൂപയായിരുന്നെങ്കിലും വിപണിയിൽ ആവശ്യത്തിന് ഷീറ്റ് ലഭ്യമല്ലാത്തതിനാൽ 200 രൂപയ്ക്ക് മുകളിലാണ് ചെറുകിട കച്ചവടക്കാർ വില്പന നടത്തിയത്. അന്താരാഷ്ട്ര വില ബാങ്കോക്ക് 210 കടന്നതിനാൽ വരും ദിവസങ്ങളിൽ ആഭ്യന്തര വില 200 കടന്ന് കുതിച്ചേക്കും.

ജൂൺ, ജൂലൈ മാസങ്ങളിൽ ടാപ്പിംഗിന് റെയിൻഗാഡ് ഘടിപ്പിക്കണമെന്നതിനാൽ ചെറുകിട കർഷകരുടെ കൈവശം കാര്യമായ സ്റ്റോക്കില്ല. അതിനാൽ വിലവർദ്ധനയുടെ ഗുണം വൻകിട കർഷകർക്കാണ് ലഭിക്കുന്നത്.

വേനൽക്കാലത്ത് ഇല പൊഴിച്ചിലിൽ ടാപ്പിംഗ് നടന്നിരുന്നില്ല. റെയിൻഗാർഡ് ഘടിപ്പിക്കുന്നതിന്റെ ചെലവ് താങ്ങാൻ സാധാരണ കർഷകർ തയ്യാറാകാതിരുന്നതിനാലാണ് മഴക്കാലത്ത് ഉത്പാദനം കുറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിൽ ടാപ്പിംഗ് ദിവസങ്ങൾ കുറയുന്നതും തിരിച്ചടിയായി.

റെയിൻഗാർഡിംഗിന് ഹെക്ടറിന് 4000 കോടി റബർ ബോർഡ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. റബർ ഉത്പാദക സംഘങ്ങൾ വഴിയായിരുന്നു റബർ ബോർഡ് ഈ സഹായം നൽകിയിരുന്നത്. കർഷകർക്ക് മുൻകൂറായി റെയിൻ ഗാർഡ് സാമഗ്രികൾ ലഭ്യമാക്കിയ സംഘങ്ങൾക്ക് 5.6 കോടി രൂപ റബർ ബോർഡ് ഇനിയും നൽകാനുണ്ട്. അതിനാൽ ഇത്തവണ സംഘങ്ങൾ വിട്ടുനിന്നതിനാൽ ചെറുകിട കർഷകർക്ക് റെയിൻഗാർഡ് ഘടിപ്പിക്കാൻ കഴിഞ്ഞില്ല.

സർക്കാരിന് ലാഭം

സംസ്ഥാന സർക്കാർ 180 രൂപയാണ് റബറിന് തറവില പ്രഖ്യാപിച്ചിട്ടുള്ളത്. വിപണി വില 200 രൂപയായി ഉയരുന്നതോടെ സബ്സിഡി ബാദ്ധ്യത പൂർണമായും ഒഴിവാകും. ബഡ്ജറ്റിൽ ഇതിനായി അനുവദിച്ച തുക വക മാറ്റാനും സർക്കാരിന് കഴിയും. മുൻകാലങ്ങളിലെ സബ്സിഡി മൂന്നു മാസത്തിലേറെയായി സർക്കാർ നൽകിയിട്ടില്ല. കോടികളുടെ കുടിശികയാണ് ഈ ഇനത്തിൽ കൊടുക്കാനുള്ളത്.

# സ്വന്തം നിലക്ക് റെയിൻ ഗാർഡ് ഘടിപ്പിക്കാൻ ചെറുകിട കർഷകർക്ക് ശേഷിയില്ല. പണം കുടിശികയായതിനാൽ ഇത്തവണ സംഘങ്ങളും കൈമലർത്തി. റബർ ബോർഡ് ഉത്തരവാദിത്വത്തിൽ നിന്നൊഴിയാതെ റെയിൻ ഗാർഡിനുള്ള ഫണ്ട് അനുവദിക്കണം

ബാബുജോസഫ്

ജനറൽ സെക്രട്ടറി

എൻ.സി ആർ.പി.എസ്

Advertisement
Advertisement