ഹരിത ഹൈഡ്രജൻ ടെസ്‌റ്റിംഗ് ഹബാകാൻ കൊച്ചിൻ പോർട്ട്

Monday 10 June 2024 12:42 AM IST

കൊച്ചി: ഹരിത ഹൈഡ്രജൻ പദ്ധതികളുടെ ടെസ്റ്റിംഗിന് വിപുലമായ സൗകര്യങ്ങളൊരുക്കി ഇന്ത്യയിലെ പ്രധാന ഹബായി കൊച്ചിൻ പോർട്ടിനെ മാറ്റുമെന്ന് ചെയർമാൻ ബി. കാശിവിശ്വനാഥൻ പറഞ്ഞു. അമോണിയ ഉൾപ്പെടെയുള്ള ലിക്വിഡ് കാർഗോ കൈകാര്യം ചെയ്യുന്നതിലെ മികച്ച അനുഭവ പരിചയം കൊച്ചിൻ പോർട്ടിന് ഇക്കാര്യത്തിൽ വിപുലമായ സാദ്ധ്യതകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിത ഹൈഡ്രജനും അവയുടെ അനുബന്ധ ഉത്പന്നങ്ങളും കൈകാര്യം ചെയ്യാനാകുന്ന ബങ്കറിംഗ് സംവിധാനങ്ങൾ തയ്യാറാക്കാനാണ് പോർട്ട് ഒരുങ്ങുന്നത്. കൊച്ചിൻ പോർട്ടും ഇന്ത്യൻ പോർട്ട്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിത ഹൈഡ്രജൻ പൈലറ്റ് പദ്ധതികളെ കുറിച്ചുള്ള ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിലാണ് കാശിവിശ്വനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ ഹരിത ഹൈഡ്രജൻ താഴ്‌വരകൾ ഒരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ പറഞ്ഞു. തൂത്തുകുടി തുറമുഖം ചെയർമാൻ സുശാന്ത്കുമാർ പുരോഹിത് ഹരിത ഹൈഡ്രജൻ മേഖലയിലെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഇന്ത്യൻ പോർട്ട്സ് അസോസിയേഷൻ മാനേജിംഗ് ഡയറക്ടർ വികാസ് നാർവാളും ചടങ്ങിൽ സംബന്ധിച്ചു.

Advertisement
Advertisement