സുരേഷ് ഗോപി കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിന് വേണ്ടി ആദ്യം ചെയ്യുന്നത് ഇക്കാര്യം,​ ചർച്ച നടത്തിയെന്ന് പ്രതികരണം

Sunday 09 June 2024 11:50 PM IST

ന്യൂഡൽഹി : കേന്ദ്രമന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് വേണ്ടി എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ബന്ധപ്പെട്ടവരുമായി ഇക്കാര്യത്തിൽ ചർച്ച തുടങ്ങിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

മൂന്നാം മോദിമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇതാദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ലോക്‌സഭാംഗം ഉണ്ടാകുന്നത്. ആദ്യമായി താമര വിരിയിച്ച നേതാവിന് കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും നല്‍കിയിരിക്കുകയാണ് ബിജെപി. അതേസമയം സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ബിജെപിയുടെ വിജയവും കേന്ദ്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയും വലിയ ആഘോഷമാക്കിയ പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപിയുടെ സ്ഥാനാരോഹണം ഇരട്ടി മധുരമായി. ടിവിയില്‍ ചടങ്ങുകള്‍ കണ്ട പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായിരുന്നു. മധുരം വിതരണം ചെയ്തും സുരേഷ് ഗോപിക്കും ബിജെപിക്കും ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമ മേഖലയിലെ സഹപ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നു.

Advertisement
Advertisement