ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ മുന്നേറി ഹോണ്ട ടീം

Monday 10 June 2024 12:51 AM IST

കൊച്ചി: ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോർട്ടിൽ നടക്കുന്ന എഫ്‌.ഐ.എം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിനൊരുങ്ങി ഹോണ്ട റേസിംഗ് ഇന്ത്യ ടീം റൈഡർമാർ. തായ്‌ലാൻഡിലെ ചാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ആദ്യ റൗണ്ടിലും ചൈനയിലെ സുഹായ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന രണ്ടാം റൗണ്ടിലും വളരെ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എ.പി250 ശ്രേണിയിൽ നേടിയ 10 പോയിന്റുമായാണ് ഹോണ്ട ടീം മൂന്നാം റൗണ്ടിലേക്ക് കടക്കുന്നത്.

ചൈനയിൽ നടന്ന രണ്ടാം റൗണ്ടിലെ ആദ്യ റേസിൽ നിർണായകമായ അഞ്ച് പോയിന്റുകൾ ടീമിന് സമ്മാനിച്ച ചെന്നൈ സ്വദേശി കാവിൻ ക്വിന്റൽ മത്സരത്തിൽ ആദ്യ 15നുള്ളിലാണ് ഫിനിഷ് ചെയ്തത്. മലപ്പുറത്തെ സഹതാരം മൊഹ്‌സിൻ പറമ്പനും രണ്ടാം റൗണ്ടിൽ മികച്ച പ്രകടനം നടത്തി. പ്രതികൂല കാലാവസ്ഥ കാരണം രണ്ടാം റൗണ്ടിന്റെ രണ്ടാം റേസ് റദ്ദാക്കിയിരുന്നു.

അവസാന മത്സരം കഠിനമായിരുന്നെങ്കിലും ആദ്യ 15ൽ ഫിനിഷ് ചെയ്യാനും ടീമിന് പോയിന്റുകൾ സംഭാവന ചെയ്യാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കാവിൻ ക്വിന്റൽ പറഞ്ഞു. ജപ്പാനിൽ മികച്ച റിസൾട്ടാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

ഓരോ മത്സരവും ഒരു പഠനാനുഭവമായാണ് കാണുന്നതെന്നും അടുത്ത റൗണ്ടിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിലും ടീമിന്റെ പോയിന്റ് പട്ടികയിൽ കൂടുതൽ സംഭാവന നൽകുന്നതിലുമാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മൊഹ്‌സിൻ പറമ്പൻ പറഞ്ഞു.

Advertisement
Advertisement