മലയോര മേഖലയിൽ യാത്രാദുരിതം

Monday 10 June 2024 12:07 AM IST

ചിറ്റാർ: വനമേഖലയോട് ചേർന്ന കട്ടച്ചിറ, കുടപ്പന പ്രദേശങ്ങളിലെ ജനങ്ങൾക്ക് യാത്രാദുരിതം. മണിയാർ വഴി തണ്ണിത്തോട്, ചിറ്റാർ, കട്ടച്ചിറ, കുടപ്പന ഭാഗങ്ങളിലേക്ക് ബസില്ല. പത്തനംതിട്ട, റാന്നി, കോന്നി, വടശ്ശേരിക്കര ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുകളില്ല. കട്ടച്ചിറ ഗവണ്മെന്റ് ഹൈസ്‌കൂൾ, ഫോറസ്റ്റ് സ്റ്റേഷൻ, വിവിധ ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോയി വരുന്നതിന് വിദ്യാർത്ഥികളടക്കം ബുദ്ധിമുട്ടുകയാണ്. ഇവിടെയുള്ളവർക്ക് ചികിത്സയ്ക്ക് ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്.

കട്ടച്ചിറ, കുടപ്പന ഭാഗത്തേക്ക് പോകാൻ മണിയാർ, തണ്ണിത്തോട് , ചിറ്റാർ ഭാഗത്ത് നിന്ന് ഓട്ടോറിക്ഷ, ട്രിപ്പ് ജീപ്പ് എന്നിവയെ ആശ്രയിക്കണം.

കൊവിഡിനു ശേഷം മൂന്ന് വർഷത്തോളമായി ഈ റൂട്ടിലൂടെ നേരിട്ട് ബസ് സർവീസില്ല. മുമ്പ് പത്തനംതിട്ട, റാന്നി , കോന്നി മേഖലകളിലേയ്ക്ക് ബസ് സർവീസുകൾ ഉണ്ടായിരുന്നത് പ്രദേശത്തുകാർക്ക് സഹായകരമായിരുന്നു. തണ്ണിത്തോട്, ചിറ്റാർ പ്രദേശങ്ങളിൽ നിന്ന് കട്ടച്ചിറ, കുടപ്പന മേഖലകളെ ബന്ധിപ്പിച്ച് മണിയാർ വഴി പത്തനംതിട്ട, റാന്നി, കോന്നി പ്രദേശങ്ങളിലേയ്ക്ക് നേരിട്ട് സർവീസുകൾ ആരംഭിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement