പ്ലസ്‌വൺ രണ്ടാംഅലോട്ട്മെന്റ് നാളെ; കാത്തിരിപ്പിൽ 46,053 വിദ്യാർത്ഥികൾ

Monday 10 June 2024 12:08 AM IST

മലപ്പുറം: പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ സ്ഥിരപ്രവേശനം നേടിയത് 17,149 കുട്ടികൾ. 16,021 പേർ താത്കാലിക പ്രവേശനവും നേടി. 3,​109 കുട്ടികൾ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. 114 പേർ അവസരം വേണ്ടെന്ന് വച്ചു. ജില്ലയിൽ ആകെ 33,170 കുട്ടികളാണ് പ്രവേശന നടപടികൾ പൂർത്തീകരിച്ചത്. ആഗ്രഹിച്ച സ്‌കൂളിലും കോഴ്സിനും പ്രവേശനം ലഭിക്കാത്തവരാണ് താത്ക്കാലികമായി ചേർന്നിട്ടുള്ളത്. സയൻസിന് അപേക്ഷിച്ച പലർക്കും കൊമേഴ്സിനാണ് അഡ്മിഷൻ ലഭിച്ചിട്ടുള്ളത്. ഇതോടെ രണ്ടാമത്തെ അലോട്ട്‌മെന്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ജില്ലയിൽ സർക്കാർ മേഖലയിൽ സയൻസിന് 12,230ഉം എയ്ഡഡ് മേഖലയിൽ 7,286ഉം സീറ്റുകളാണുള്ളത്. കൊമേഴ്സിന് സർക്കാർ മേഖലയിൽ 10,957 സീറ്റുകളും എയ്ഡഡിൽ 4,952 സീറ്റുകളുമുണ്ട്. ഹ്യൂമാനിറ്റീസിന് സർക്കാർ മേഖലയിൽ 10,192ഉം എയ്ഡഡ് മേഖലയിൽ 4,047 സീറ്റുകളുമുണ്ട്.

പ്രതീക്ഷയിൽ വിദ്യാർത്ഥികൾ

ജില്ലയിൽ ആകെ 82,446 പേരാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 36,393 പേരാണ് ആദ്യഘട്ട അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ജനറൽ വിഭാഗം, സംവരണ വിഭാഗത്തിലെ ഈഴവ, മുസ്ലിം, വിശ്വകർമ്മ എന്നിവയിലെ മുഴുവൻ സീറ്റുകളും നിറഞ്ഞിട്ടുണ്ട്. ആംഗ്ലോ ഇന്ത്യൻ - 998, ക്രിസ്റ്റ്യൻ ഒ.ബി.സി 335, ഹിന്ദു ഒ.ബി.സി - 483, പട്ടികജാതി - 2,731, പട്ടിക വർഗം - 4,508, ഭിന്നശേഷി - 381, കാഴ്ചാപരിമിതർ - 251, ധീവര - 663, കുശവൻ - 253, കുടുംബി - 366 എന്നിങ്ങനെ 13,814 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇവ ഉൾപ്പെടെയുള്ള രണ്ടാം അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. 12,​ 13 തീയതികളിൽ സ്കൂളിൽ പ്രവേശനം നേടാം. 46,053 വിദ്യാർത്ഥികളാണ് രണ്ടാം അലോട്ട്മെന്റ് കാത്തിരിക്കുന്നത്.

Advertisement
Advertisement