കൊടുമണ്ണിൽ ഭീഷണിയായി ലഹരി വിൽപ്പന സംഘങ്ങൾ

Monday 10 June 2024 12:10 AM IST

പത്തനംതിട്ട: കൊടുമൺ, അങ്ങാടിക്കൽ പ്രദേശങ്ങളിൽ ലഹരി വിൽപ്പന സംഘങ്ങൾ തമ്പടിക്കുന്നു. എക്‌സൈസിന്റെ ഹോട്‌സ്‌പോട്ടിൽ പെട്ട സ്ഥലങ്ങളാണിത്. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മയക്കു മരുന്നുകളുടെ വില്പന നടത്തുന്നത് കൗമാരക്കാരെ ഉപയോഗിച്ചാണ്. ബാംഗ്ലൂർ, കൊച്ചി നഗരങ്ങളിൽ നിന്ന് വലിയ തോതിൽ ലഹരി കടത്തിക്കൊണ്ടുവന്ന് സ്കൂൾ കുട്ടികൾക്ക് വിൽക്കുകയാണ് ലക്ഷ്യം. അമിത വേഗതയിൽ ബൈക്കുകളിലും കാറുകളിലും ചുറ്റിക്കറങ്ങുന്ന സംഘങ്ങൾ നാട്ടുകാർക്ക് ഭീഷണിയുമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അങ്ങാടിക്കൽ സ്വദേശികളായ രണ്ടു പേരെ ലഹരി വിൽപ്പന സംഘങ്ങൾ കയ്യേറ്റം ചെയ്തിരുന്നു. ലഹരി വിൽപ്പന സംഘത്തിൽ പെട്ട ചാലാപ്പറമ്പ് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അങ്ങാടിക്കൽ വടക്ക് ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിന് ലഹരി സംഘങ്ങളെ താക്കീത് ചെയ്തിരുന്നു. ലഹരിവിൽപ്പനയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അരങ്ങേറിയിട്ടും പൊലീസും എക്സൈസും ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്കൂളുകളിൽ കുട്ടികളെ അയയ്ക്കുന്ന രക്ഷിതാക്കളും ആശങ്കയിലാണ്. സ്കൂൾ പരിസരങ്ങളിൽ നിഴൽ പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisement
Advertisement