കാർലോസിന്റെ കിരീടം

Monday 10 June 2024 12:16 AM IST

ഫ്രഞ്ച് ഓപ്പൺ കിരീ‌ടം കാർലോസ് അൽക്കാരസിന്

പാരീസ് : വാശിയേറിയ അഞ്ചുസെറ്റ് ഫൈനലിൽ ജർമ്മൻ താരം അലക്സിസ് സ്വരേവിനെ മറികടന്ന് സ്പാനിഷ് താരം കാർലോസ് അൽക്കാരസ് തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു. കാർലോസ് അൽക്കാരസും അലക്സിസ് സ്വരേവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാണ് ഫൈനലിൽ നടന്നത്. 6-3,2-6,7-5,1-6,6-2 എന്ന സ്കോറിനാണ് കാർലോസ് വിജയിച്ചത്. നാലരമണിക്കൂറിലേറെയാണ് കലാശക്കളി നീണ്ടത്.

ആദ്യ സെറ്റ് അൽക്കാരസ് നേടിയപ്പോൾ രണ്ടാം സെറ്റും മൂന്നാം സെറ്റും സ്വരേവ് നേടിയെ‌ടുക്കുകയായിരുന്നു. നാലാം സെറ്റിൽ 4-0ത്തിന് ലീഡ് നേടി അൽക്കാരസ് മത്സരത്തിലേക്ക് തിരിച്ചുവന്നതോടെയാണ് പോരാട്ടം കടുത്തത്.

ആദ്യ സെറ്റിൽ സ്പാനിഷ് താരമായ കാർലോസിന്റെ മുന്നേറ്റമാണ് കണ്ടത്. സ്വരേവിന്റെ സർവ് ബ്രേക്ക് ചെയ്ത് മുന്നേറിയ കാർലോസ് 6-3നാണ് സെറ്റ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ കളിമാറി. സ്വരേവ് ശക്തമായി തിരിച്ചുവന്നു. തുടർച്ചയായി സർവുകൾ ബ്രേക്ക് ചെയ്ത സ്വരേവ് 6-2ന് സെറ്റ് നേടി. മത്സരത്തിലെ അതുവരെയുള്ള ഏറ്റവും മികച്ച പോരാട്ടമായിരുന്നു മൂന്നാം സെറ്റിൽ. ഇരുവരും ഒട്ടും വിട്ടുകൊടുക്കാതെ പൊരുതി. ഒടുവിൽ 7-5 എന്ന സ്കോറിന് സ്വരേവ് സെറ്റു നേടി. അടുത്ത സെറ്റുകൂടി പിടിച്ചാൽ സ്വരേവിന് കിരീ‌ടത്തിലെത്താമെന്ന് തിരിച്ചറിഞ്ഞ കാർലോസ് നാലാം സെറ്റിൽ സ്വരേവിന്റെ ആദ്യ രണ്ട് സർവുകളും ബ്രേക്ക് ചെയ്തതോടെ 4-0ത്തിന്റെ ലീഡിലെത്തി. 6-1ന് സെറ്റും സ്വന്തമാക്കി നിർണായകമായ അഞ്ചാം സെറ്റിൽ തുടക്കത്തിൽതന്നെ കാർലോസ് കരുത്തുകാട്ടിയതോടെ കാര്യങ്ങൾ വ്യക്തമായി. 6-2ന് അവസാന സെറ്റിൽ വിജയിച്ച് കാർലോസ് കളിമണ്ണിലെ ആദ്യ കിരീടത്തിൽ മുത്തമിട്ടു.

3

കാർലോസ് അൽക്കാരസിന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടമാണെങ്കിലും മൂന്നാമത്തെ ഗ്രാൻസ്ളാമാണിത്. 2022ലെ യു.എസ് ഓപ്പണിലും 2023ലെ വിംബിൾഡണിലും കാർലോസാണ് കിരീടം നേടിയിരുന്നത്.

വനിതാ ഡബിൾസ് കിരീ‌ടം കോക്കോ - സിനിയാക്കോവ സഖ്യത്തിന്

ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസ് ഫൈനലിൽ കിരീടം നേടി അമേരിക്കയുടെ കോക്കോ ഗൗഫ് - ചെക്ക് റിപ്പബ്ളിക്കിന്റെ കാതറിന സിനിയാക്കോവ സഖ്യത്തിന്. ഫൈനലിൽ ഇറ്റലിയുടെ സാറാ ഇറാനി -ജാസ്മിൻ പാവോലിനി സഖ്യത്തെ 7-6,6-3നാണ് കോക്കോ സഖ്യം കീഴടക്കിയത്.

Advertisement
Advertisement