വിറച്ച് വിജയിച്ച് ബ്രസീൽ

Monday 10 June 2024 12:19 AM IST

അവസാന മിനിട്ടിൽ ഗോളടിച്ച് ബ്രസീലിനെ വിജയിപ്പിച്ച് കൗമാര പ്രതിഭ എൻഡ്രിക്ക്

ലിസ്ബൺ : യൂറോ കപ്പും കോപ്പ അമേരിക്കയും പടിവാതിൽക്കൽ നിൽക്കേ അന്താരാഷ്ട്ര സൗഹൃദമത്സരത്തിനിറങ്ങിയ വമ്പന്മാരിൽ ബ്രസീലും സ്പെയ്നും ക്രൊയേഷ്യയും ജർമ്മനിയും വിജയം കണ്ടപ്പോൾ പോർച്ചുഗലിനും ഇംഗ്ലണ്ടിനും തോൽവി നേരിടേണ്ടിവന്നു.

അഞ്ചുവട്ടം ലോകകപ്പുകയർത്തിയ ബ്രസീൽ അത്യന്തം ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് മെക്സിക്കോയെയാണ് കീഴടക്കിയത്. കോപ്പയിൽ മത്സരിക്കുന്ന ടീമുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ 2-0ത്തിന് ലീഡ് ചെയ്തിരുന്ന ബ്രസീലിനെ അവസാന സമയത്ത് മെക്സിക്കോ സമനിലയിലാക്കിയെങ്കിലും ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ പെലെയുടെ പിൻഗാമിയെന്നുവരെ വിശേഷിപ്പിക്കപ്പെടുന്ന 17കാരനായ എൻഡ്രിക്കിന്റെ ഗോളിൽ കളിയുടെ വിധി മാറുകയായിരുന്നു. അഞ്ചാം മിനിട്ടിൽ ആൻഡ്രിയാസ് പെരേരയും 54-ാം മിനിട്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും നേടിയ ഗോളുകളാണ് ബ്രസീലിന് ലീഡ് നൽകിയിരുന്നത്. 73-ാം മിനിട്ടിൽ ജൂലിയൻ ക്വിനോനസ് മെക്സിക്കോയു‌ടെ ആദ്യ ഗോൾ നേടി. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ ഗ്വില്ലർമോ അയാള ബ്രസീൽ വല കുലുക്കിയതോടെ കളി സമനിലയിലായി. എന്നാൽ നാലുമിനിട്ടിനുള്ളിൽ എൻഡ്രിക്ക് വിജയഗോളടിച്ചു.

മറ്റൊരു മത്സരത്തിൽ മുൻ ലോകകപ്പ് റണ്ണർഅപ്പുകളായ ക്രൊയേഷ്യ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കൂടാതെ ഇറങ്ങിയ പോർച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. എട്ടാം മിനിട്ടിൽ നായകൻ ലൂക്കാ മൊഡ്രിച്ച് പെനാൽറ്റിയിൽ നിന്ന് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടി.48-ാം മിനിട്ടിൽ ഡീഗോ യോട്ട ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 56-ാം മിനിട്ടിലെ അന്റെ ബുദ്മിറിന്റെ ഗോളിലൂടെ ക്രൊയേഷ്യ വിജയം കണ്ടു.ഒന്നിനെതിരെ അഞ്ചുഗോളുകൾക്കാണ് സ്പെയ്ൻ വടക്കൻ അയർലാൻഡിനെ കീഴടക്കിയത്. പെഡ്രി രണ്ട് ഗോളുകളും അൽവാരോ മൊറാട്ട,ഫാബിയൻ റൂയിസ്, മൈക്കേൽ ഒയർസബാൽ എന്നിവർ ഓരോ ഗോളും നേടി.

ജർമ്മനി 2-1ന് ഗ്രീസിനെയാണ് കീഴടക്കിയത്. 33-ാം മിനിട്ടിൽ ജോർജിയോസ് മസൗറസിലൂടെ മുന്നിലെത്തിയിരുന്ന ഗ്രീസിനെ 55-ാം മിനിട്ടിൽ കായ് ഹാവെർട്സും 89-ാം മിനിട്ടിൽ പാസ്കലും നേടിയ ഗോളുകൾക്കാണ് ജർമ്മനി മറികടന്നത്. കഴിഞ്ഞ യൂറോ കപ്പിലെ റണ്ണേഴ്സ് അപ്പായിരുന്ന ഇംഗ്ളണ്ടിനെ

ഏകപക്ഷീയമായ ഒരു ഗോളിന് ഐസ്‌ലാൻഡാണ് കീഴടക്കിയത്. 12-ാം മിനിട്ടിൽ പോർസ്റ്റയ്സണാണ് ഇംഗ്ളണ്ടിന്റെ വല കുലുക്കിയത്.

3

ബ്രസീലിന് വേണ്ടി അഞ്ചുമത്സരങ്ങളിൽ എൻഡ്രിക്കിന്റെ മൂന്നാം ഗോളാണിത്. പെലെയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ പ്രായത്തിൽ ബ്രസീലിനായി മൂന്ന് ഗോളെങ്കിലും നേടുന്ന ആദ്യ താരമാണ് 17കാരനായ എൻഡ്രിക്ക്

മത്സരഫലങ്ങൾ

കൊയേഷ്യ 2- പോർച്ചുഗൽ 1

ബ്രസീൽ 3- മെക്സിക്കോ 2

ഐസ്‌ലാൻഡ് 1- ഇംഗ്ളണ്ട് 0

സ്പെയ്ൻ 5-വടക്കൻ അയർലാൻഡ് 1

ജർമ്മനി 2- ഗ്രീസ് 1

Advertisement
Advertisement