ഉഗാണ്ടയെ ചുരുട്ടി വിൻഡീസ്

Monday 10 June 2024 12:21 AM IST

ഉഗാണ്ടയെ 134 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്

ഉഗാണ്ട ആൾഔട്ടായത് വെറും 39 റൺസിന്

പ്രൊവിഡൻസ് : ട്വന്റി-20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന നാണക്കേടിലേക്ക് ഉഗാണ്ടയെ ചുരുട്ടിയെറിഞ്ഞ് ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ഈ ലോകകപ്പിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ഇന്നലെ പ്രൊവിഡൻസിൽ ആദ്യം ബാറ്റ് ചെയ്ത് 173/5 എന്ന സ്കോർ ഉയർത്തിയ വിൻഡീസ് 39 റൺസിനാണ് ഉഗാണ്ടയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്.

ജോൺസൺ ചാൾസ് (44), നിക്കോളാസ് പുരാൻ (22), ക്യാപ്ടൻ റോവ്മാൻ പവൽ (23), ഷെർഫാനേ റൂതർഫോർഡ് (22), ആന്ദ്രേ റസൽ (30നോട്ടൗട്ട്) എന്നിവരാണ് ബാറ്റിംഗിൽ വിൻഡീസിനായി തിളങ്ങിയത്. മറുപടിക്കിറങ്ങിയ ഉഗാണ്ടയെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ അകീൽ ഹുസൈനും രണ്ട് വിക്കറ്റുകൾ വീഴ്ത്തിൽ അൽസാരി ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മോട്ടിയും ഷെപ്പേഡും റസലും ചേർന്നാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങിയ ഇടംകയ്യൻ സ്പിന്നറായ അകീലാണ് ബൗളിംഗ് ഓപ്പൺ ചെയ്ത് രണ്ടാം പന്തുമുതൽ വിക്കറ്റ് വേട്ടതുടങ്ങിയത്. ഒൻപതാമനായി ഇറങ്ങി 13 റൺസെടുത്ത ജുമ മിയാഗി മാത്രമാണ് ഉഗാണ്ടൻ നിരയിൽ രണ്ടക്കം കണ്ട ബാറ്റർ. അകീലാണ് മാൻ ഒഫ് ദ മാച്ച്.

സി ഗ്രൂപ്പിൽ നാലുപോയിന്റുമായി രണ്ടാം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.

39

ട്വന്റി-20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന നെതർലാൻഡ്സിന്റെ 2014ലെ ദുരന്തത്തിനൊപ്പം ഉഗാണ്ടയുമെത്തി. 2014ൽ ശ്രീലങ്കയോടാണ് നെതർലാൻഡ്സ് ഈ സ്കോറിന് പുറത്തായിരുന്നത്.

58

ആദ്യ മത്സരത്തിൽ ഉഗാണ്ട അഫ്ഗാനോട് 58 റൺസിന് ആൾഔട്ടായിരുന്നു.

Advertisement
Advertisement