ചാമ്പ്യന്മാരെ ചതച്ചരച്ച് കംഗാരുക്കൾ

Monday 10 June 2024 12:22 AM IST

ഇംഗ്ളണ്ടിനെ 36 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ

പോയിന്റ് പട്ടികയിൽ ഓസീസ് ഒന്നാമത്, ഇംഗ്ളണ്ട് നാലാമത്

ബ്രിഡ്ജ്ടൗൺ : ഐ.സി.സി ട്വന്റി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും ജയിക്കാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ട്. സ്കോട്ട്‌ലാൻഡിനെതിരായ ആദ്യ മത്സരം മഴയെടുത്തപ്പോൾ മുൻ ചാമ്പ്യന്മാരായ ഓസീസിനോട് 36 റൺസിന് തോൽക്കുകയായിരുന്നു ഇംഗ്ളീഷുകാർ. ഇതോടെ ഗ്രൂപ്പ് ബിയിൽ ഇംഗ്ളണ്ട് നമീബിയയ്ക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ഓസ്ട്രേലിയയാണ് ഒന്നാമത്.

ബ്രിഡ്ജ്ടൗണിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 165/6 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. ബാറ്റിംഗിലെയും ബൗളിംഗിലെയും ടീം എഫർട്ടാണ് ഓസീസിന് വിജയം നൽകിയത്. ഒരാൾ പോലും അർദ്ധസെഞ്ച്വറി നേടിയില്ലെങ്കിലും ടീം 200ലേറെ റൺസടിച്ചു. സ്പിന്നർമാരും പേസർമാരും കൃത്യമായി പണിയെടുത്ത് ഇംഗ്ളണ്ടിന് മൂക്കുകയർ ഇടുകയും ചെയ്തു. പാറ്റ് കമ്മിൻസും ആദം സാംപയും രണ്ട് വിക്കറ്റ് വീതം നേടി.ഹേസൽവുഡ്,സ്റ്റോയ്നിസ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. കമ്മിൻസ് നാലോവറിൽ 23 റൺസ് വഴങ്ങിയും സാംപ 28 റൺസ് വഴങ്ങിയുമാണ് രണ്ട് വിക്കറ്റ് നേടിയത്. എന്നാൽ ഏഴോവറിൽ 73 റൺസ് നേടിയിരുന്ന ഇംഗ്ളണ്ടിന്റെ ഓപ്പണർമാരായ ഫിൽ സാൾട്ടിനെയും (37), ജോസ് ബട്ട്‌ലറെയും (42) തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ സാംപയാണ് മത്സരത്തിന്റെ ഗതി തിരിച്ചുവിട്ടത്. ഓപ്പണർമാർ പുറത്തായശേഷം ഇംഗ്ളണ്ട് കടുത്ത പ്രതിരോധത്തിലായി. വിൽ ജാക്സിനെ (10) സ്റ്റോയ്നിസും ബെയർസ്റ്റോയെ (7) ഹേസൽവുഡും മൊയീൻ അലിയെ (25) കമ്മിൻസും പുറത്താക്കിയതോടെ അവർ 128/5 എന്ന നിലയിലായി.പിന്നീട് ഹാരി ബ്രൂക്സും (20*) ലിവിംഗ്സ്റ്റണും (15) ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് അടുക്കാനായില്ല. സാംപയാണ് മാൻ ഓഫ് ദ മാച്ച്.

നേരത്തേ ഓസീസിനായി ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. അഞ്ചാം ഓവറിൽ വാർണറാണ് (16 പന്തിൽ 39) ആദ്യം മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ഹെഡും (18 പന്തിൽ 34) മടങ്ങി. ക്യാപ്ടൻ മിച്ചർ മാർഷ് (25 പന്തിൽ 35), മാക്‌സ്‌വെൽ (25 പന്തിൽ 28), സ്റ്റോയ്‌നിസ് (17 പന്തിൽ 30), മാത്യു വെയ്ഡ് (10 പന്തിൽ 17*), ടിം ഡേവിഡ് (11) എന്നിവരെല്ലാം രണ്ടക്കം കടന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ രണ്ട് വിക്കറ്റുകളും മൊയീൻ അലി, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, ലാം ലിവിംഗ്സ്റ്റൺ എന്നിവർ ഓരോന്നും വിക്കറ്റും നേടി.

Advertisement
Advertisement