തൃച്ചേന്ദമംഗലം ഗവ.സ്കൂൾ കെട്ടിടം പണി പ്രതിസന്ധിയിൽ, പണിതീരാത്ത പള്ളിക്കൂടം

Monday 10 June 2024 12:32 AM IST
സ്‌കൂൾ കെട്ടിടം പാതിയിൽ ഉപേക്ഷിച്ച നിലയിൽ

അടൂർ : കിഫ്ബി പദ്ധതി പ്രകാരം പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണം ആരംഭിച്ച കെട്ടിടം ആദ്യ നിലയിലൊതുങ്ങി. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന്റെ ആദ്യനിലയുടെ കോൺക്രീറ്റ് മാത്രമാണ് പൂർത്തിയായത്. 2018 ൽ പണി തുടങ്ങിയെങ്കിലും കൊവിഡിനെ തുടർന്ന് തടസപ്പെടുകയായിരുന്നു. തുടർന്ന് കരാർ കാലാവധി നീട്ടി നൽകി, സമയബന്ധിതമായി പണിപൂർത്തീകരിക്കാൻ കരാറുകാരന് കഴിഞ്ഞില്ല.

സ്ഥലപരിമിതിയാണ് ഇപ്പോൾ സ്കൂൾ അധികൃതർ നേരിടുന്ന പ്രധാന പ്രശ്നം. ആവശ്യത്തിന് ക്ലാസ് മുറികളോ നല്ല ശൗചാലയങ്ങളോ ഇല്ല. ലൈബ്രറിക്കും ലാബിനും പാചകപ്പുരയ്ക്കും സ്ഥലമില്ലാത്ത അവസ്ഥ. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ളാസുകളുടെ പ്രവർത്തനം പഴയ കെട്ടിടത്തിലാണ്. സ്ഥലപരിമിതി കാരണം കൂടുതൽ കുട്ടികൾ പ്രവേശനം നൽകാനാകുന്നില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു. നിർമ്മാണം മുടങ്ങിയ കെട്ടിടത്തിന്റെ ഒരുഭാഗത്ത് മുമ്പ് ക്ളാസുകൾ നടന്നുവന്നിരുന്നു. മഴക്കാലമായതോടെ മുടങ്ങി.

കൊവിഡും കരാറുകാരനും

കൊവിഡിനെ തുടർന്നുണ്ടായ തടസങ്ങൾക്ക് പിന്നാലെ കരാറുകാരൻ കാട്ടിയ നിസഹകരമാണ് സ്കൂൾ കെട്ടി‌ടത്തിന്റെ നിർമ്മാണം മുടങ്ങാൻ കാരണം. കരാർ കാലാവധി നീട്ടി നൽകിയെങ്കിലും സമയബന്ധിതമായി പണി തീർത്തില്ല. ആദ്യഘട്ടത്തിൽ ചെലവായ തുകയുടെ ബില്ല് മാറിയെങ്കിൽ മാത്രമേ തുടർപണി നടത്താനാകുവെന്നായിരുന്നു കരാറുകാരന്റെ വാദം. പണം ലഭിക്കാതെ വന്നതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു.

കെട്ടിടം പൂർത്തീകരിക്കാൻ സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കും ആരോഗ്യമന്ത്രി വീണാ ജോർജിനും നിവേദനം നൽകി കാത്തിരിക്കുകയാണ്.

കിഫ് ബി പദ്ധതി,

ചെലവ് : 3 കോടി രൂപ

മൂന്ന് നിലയിലും രണ്ട് നിലയിലുമായി രണ്ടുകെട്ടിടങ്ങൾ

പുതിയ കെട്ടിടം പൂർത്തിയായാൽ പഴയ കെട്ടിടങ്ങൾ പൊളിച്ച് ആ സ്ഥലം ഗ്രൗണ്ടിനായി ഉപയോഗപ്പെടുത്താനാകും.

കെട്ടിടം പണി തുടരാൻ കരാറുകാരൻ മൂന്ന് ശതമാനം ബാങ്ക് ഗ്യാരന്റി നൽകാൻ തയാറായിരുന്നു. എന്നാൽ കിഫ്‌ബി 30 % വേണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയായി.

സുഭാഷ് വാസുദേവൻ,

പി.ടി.എ പ്രസിഡന്റ്

വിഷയം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. ഉടൻ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയും.

ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്‌പീക്കർ

Advertisement
Advertisement