ഹോട്ട് സ്പോട്ടുകൾ വർദ്ധിക്കുന്നു, ഡെങ്കി ജാഗ്രത വേണം
പത്തനംതിട്ട : ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ആദ്യം അഞ്ച് തദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലായിരുന്നു ഹോട്ട് സ്പോട്ടുകൾ. ഇപ്പോൾ അത് 9 ആയി വർദ്ധിച്ചിട്ടുണ്ട്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ മാത്രം ആറ് വാർഡുകളും മറ്റ് പഞ്ചായത്തുകളിൽ ഒൻപത് വാർഡുകളും ഹോട്ട് സ്പോട്ടിൽപ്പെടും.
ഡെങ്കി ഹോട്ട്‌സ്‌പോട്ടുകൾ
(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാർഡ്)
മല്ലപ്പള്ളി : 10
കൊടുമൺ : 17
പത്തനംതിട്ട : 10, 8, 9, 7, 5, 3
കോന്നി : 12
റാന്നി പെരുനാട് : 9
തണ്ണിത്തോട് : 13
സീതത്തോട് : 9
കൊക്കാത്തോട് : 9
കൂടൽ : 5, 6
ശ്രദ്ധിക്കേണ്ടത്
1. ജലദോഷം, തുമ്മൽ ഇവയില്ലാതെയുള്ള പനി ലക്ഷണങ്ങൾ അവഗണിക്കരുത്.
2. ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സിക്കണം.
3. അതിശക്തമായ നടുവേദന, കണ്ണിനു പിന്നിലെ വേദന എന്നിവ ശ്രദ്ധിക്കണം. വൈറൽ പനി എന്നു കരുതി ചികിത്സിക്കാതിരുന്നാൽ മരണത്തിനും കാരണമായേക്കാം.
4. ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടുമുണ്ടായാൽ ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാദ്ധ്യതയുളളതിനാൽ സ്വയം ചികിത്സ ഒഴിവാക്കണം.
മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനിൽക്കുന്നു. ആഴ്ചയിലൊരിക്കലെങ്കിലും വീടിനുളളിലും പരിസരത്തും കെട്ടി നിൽക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.
ഡോ.എൽ അനിതകുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ