എറിഞ്ഞ് കേറി ഇന്ത്യ, പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയം, ബാബറും സംഘവും വീണത് ആറ് റണ്‍സ് അകലെ

Monday 10 June 2024 1:24 AM IST

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിലെ ലോ സ്‌കോറിംഗ് ത്രില്ലറില്‍ ചിരവൈരികളായ പാകിസ്ഥാനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ വിജയത്തിന് ആറ് റണ്‍സ് അകലെ വീഴുകയായിരുന്നു. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുഎസ്എയോടും തോറ്റ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രവേശനം ഇതോടെ തുലാസിലായിരിക്കുകയാണ്.

സ്‌കോര്‍: ഇന്ത്യ 119-10 (19), പാകിസ്ഥാന്‍ 113-7 (20)

വിജയലക്ഷ്യമായ 120 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരവസരത്തില്‍ മത്സരം അനായാസം കൈക്കലാക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ഇന്ത്യ അസാമാന്യ ബൗളിംഗ് പ്രകടനത്തിലൂടെ വിജയിച്ച് കയറിയത്. 12.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 73 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന ശേഷമാണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ബാബര്‍ അസം 13(10), മുഹമ്മദ് റിസ്‌വാന്‍ 31(44) എന്നിവര്‍ വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ഇരുവരേയും ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്.

ചെറിയ ലക്ഷ്യം പിന്തുടരുമ്പോഴും ഒരാള്‍ പോലും റണ്‍ നിരക്ക് ഉയര്‍ത്തി കളിക്കാത്തതാണ് പാകിസ്ഥാന് വിനയായി മാറിയത്. ഉസ്മാന്‍ ഖാന്‍ 13(15), ഫഖര്‍ സമന്‍ 13(8), ഇമാദ് വസീം 15(23), ഷദാബ് ഖാന്‍ 4(7), ഇഫ്തിഖാര്‍ അഹ്മദ് 5(9) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ ഇന്ത്യ തങ്ങളുടെ സൂപ്പര്‍ 8 പ്രവേശനത്തിന് തൊട്ടരികില്‍ എത്തി. കാനഡ, അമേരിക്ക എന്നിവര്‍ക്കെതിരെയാണ് ഇനി ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കും വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദിയെ സിക്സറിന് പറത്തി രോഹിത് ശര്‍മ്മ നയം വ്യക്തമാക്കി. മഴയ്ക്ക് ശേഷം ആദ്യ ഓവറിലെ നസീം ഷായുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടി കൊഹ്ലി പ്രതീക്ഷ നല്‍കി. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഉസ്മാന്‍ ഖാന് ക്യാച്ച് നല്‍കി വിരാട് മടങ്ങി 4(3).

മൂന്നാമനായി എത്തിയ റിഷഭ് പന്തും പോഹിത് ശര്‍മ്മയും ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അഫ്രീദിയെ സിക്സറിന് പറത്താനുള്ള രോഹിത്തിന്റെ ശ്രമം സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ഹാരിസ് റൗഫിന്റെ കൈകളില്‍ ഒതുങ്ങി. സൂര്യകുമാര്‍ യാദവിന് പകരം നാലാമനായി ക്രീസില്‍ എത്തിയത് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ അക്സര്‍ പട്ടേല്‍. നസീം ഷായുടെ പന്തില്‍ അക്സര്‍ പുറത്തായെങ്കിലും ഒരറ്റത്ത് റിഷഭ് പന്ത് നന്നായി ബാറ്റ് ചെയ്തത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍ പിന്നീടാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പവിലിയണിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചത്. സൂര്യകുമാര്‍ യാദവ് 7(8), ശിവം ദൂബെ 3(9), ഹാര്‍ദിക് പാണ്ഡ്യ 7(12), രവീന്ദ്ര ജഡേജ 0(1), അര്‍ഷ്ദീപ് സിംഗ് 9(13), ജസ്പ്രീത് ബുംറ 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റും ഷഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.

Advertisement
Advertisement