ടീം 'പിൻസി'ലെ സൂപ്പർ താരം!

Monday 10 June 2024 1:57 AM IST

കൊല്ലം: 'അത് അടിയന്തരാവസ്ഥ കാലമായിരുന്നു. പ്രീഡിഗ്രിക്കും ഡിഗ്രിക്കുമാണ് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നത്. കൊല്ലം ഫാത്തിമ കോളേജിലെ താരമായിരുന്നു സുരേഷ്...'- സുരേഷ്ഗോപി ഉൾപ്പെട്ട നാൽവർ സംഘത്തിലെ ഇന്നസെന്റ് ജോസഫ് ഉറ്റ സുഹൃത്തുമൊത്തുള്ള പഠനകാലം പങ്കു വയ്ക്കുകയായിരുന്നു. പൊടിമീശക്കാരനായ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രങ്ങളും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം.

'പിൻസ്' (പ്രദീപ്, ഇന്നസെന്റ്, നജീം, സുരേഷ്) എന്നാണ് ഞങ്ങളുടെ ഗ്യാങ്ങിനെ അറിയപ്പെട്ടിരുന്നത്. ബി.എസ്‌സി സുവോളജിക്ക് പഠിപ്പിക്കുമ്പോഴാണ് സുരേഷ് ഗോപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കെ.എസ്.യു അടക്കിവാണിരുന്ന കോളേജിൽ എസ്.എഫ്.ഐക്ക് ആദ്യ സീറ്റ് നേടിക്കൊടുത്തതും സുരേഷ് ഗോപിയാണ്. അന്ന് സുവോളജി അസോസിയേഷൻ സെക്രട്ടറിയായാണ് അദ്ദേഹം മത്സരിച്ചത്. കേന്ദ്രമന്ത്രിയാകുന്ന സുരേഷിനെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. പ്രീ ഡിഗ്രി കാലം മുതൽ ഒരു മെഡിസിൻ ഔട്ട്ലുക്കിലാണ് സുരേഷ് പോയത്. എന്നാൽ കാലം അദ്ദേഹത്തിനായി കാത്തുവച്ചത് ഇതെല്ലാമായിരുന്നു. സിനിമയൊക്കെ കാണാൻ കറങ്ങിനടന്നാലും രാത്രി വന്നുള്ള കമ്പയിൻ സ്റ്റഡിയിൽ സുരേഷ് പങ്കെടുക്കും. ഞങ്ങളുടെയൊക്കെ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയാമായിരുന്നു. മൂന്നാഴ്ച മുമ്പാണ് അവസാനമായി കണ്ടത്. എൻ.കെ.പ്രേമചന്ദ്രനും സുരേഷ്ഗോപിയും പ്രീഡിഗ്രിക്ക് ഒരേ ക്ലാസിലാണ് പഠിച്ചത്'- കടവൂർ സ്വദേശിയും ബിസിനസുകാരനുമായ ഇന്നസെന്റ് ജോസഫ് പറഞ്ഞു.

അഭിമാനത്തിൽ

ജന്മനാട്

സമാനതകളില്ലാത്ത ആഹ്ളാദത്തിലാണ് സുരേഷ്ഗോപിയുടെ ജന്മനാടായ മാടൻനട. ബന്ധുകളും നാട്ടുകാരും സഹപാഠികളും രാവിലെ മുതൽ ടെലിവിഷന് മുന്നിലായിരുന്നു. തങ്ങളുടെ ബാബു കേന്ദ്രമന്ത്രിയാകുമെന്ന വാർത്ത ആവേശപൂർവമാണ് നാട്ടുകാരും ബന്ധുക്കളും വരവേറ്റത്. മാടൻനട കെ.ബി.ആർ.എ സി 300 ജ്ഞാനലക്ഷ്മിയാണ് സുരേഷ്ഗോപിയുടെ കുടുംബവീട്. സഹോദരൻ സുഭാഷ് ഗോപിയും കുടുംബവുമാണ് കുടുംബവീട്ടിൽ കഴിയുന്നത്. ചേട്ടൻ കേന്ദ്രമന്ത്രിയാകുന്ന വിവരം മലപ്പുറത്തെ ഭാര്യാവീട്ടിലിരുന്നാണ് സുഭാഷ് അറിയുന്നത്. ഡൽഹിയിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും മനസു കൊണ്ട് സുരേഷ് ഗോപിയുടെ കൂടെയുണ്ടെന്ന് സുഭാഷ് പറഞ്ഞു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസമാണ് അവസാനമായി കൊല്ലത്തെ കുടുംബ വീട്ടിൽ എത്തുന്നത്. കെ.ഗോപിനാഥൻ പിള്ളയും വി.ജ്ഞാനലക്ഷ്മി അമ്മയുമാണ് മാതാപിതാക്കൾ. സുനിൽ ഗോപി, സനിൽ ഗോപി എന്നിവർ മറ്റു സഹോദരങ്ങൾ.

Advertisement
Advertisement