സുരേഷ്‌ഗോപി സിനിമയിൽ മുഖ്യമന്ത്രിയായി; 27 വർഷത്തിനു ശേഷം കേന്ദ്രമന്ത്രി

Monday 10 June 2024 2:59 AM IST

തിരുവനന്തപുരം: ബ്യൂറോക്രസിയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് എത്തുന്ന ഒരാൾ. പേര് രാമദേവൻ നായനാർ. ചെങ്കൊടി പിടിച്ച് അയാൾ നടന്നു കയറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്. കെ.മധു സംവിധാനം ചെയ്ത 'ജനാധിപത്യം' സിനിമയിലെ നായക കഥാപാത്രമാണ് രാമദേവൻ നായനാർ എന്ന ആർ.ഡി. നായനാർ. സിനിമ പുറത്തിറങ്ങി 27 വർഷത്തിനു ശേഷം നായനാരെ അവതരിപ്പിച്ച സുരേഷ്‌ഗോപി നടന്നു കയറിയത് കേന്ദ്രമന്ത്രിപദത്തിലേക്ക്.

സിനിമയിൽ അഭിനയിക്കുമ്പോൾ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് സുരേഷ്‌ഗോപി ചിന്തിച്ചു പോലുമുണ്ടായിരുന്നില്ല. എല്ലാ പാർട്ടിയിലെ നേതാക്കളുമായും തുല്യമായ അടുപ്പമെന്നു പറഞ്ഞാൽ ശരിയാകില്ല. ഇത്തിരി ഇഷ്ടക്കൂടുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടായിരുന്നു. പക്ഷെ ഇടതിന്റ ശത്രുപക്ഷത്തുള്ള ബി.ജെ.പിയിലൂടെയായിരുന്നു സുരേഷിന്റെ ചരിത്രം തിരുത്തിയ മുന്നേറ്റം.

ഇന്നലെ ജനാധിപത്യത്തിന്റെ പ്രൊ‌ഡക്ഷൻ എക്സിക്യൂട്ടീവ് അരോമ മോഹൻ കെ. മധുവിനെ വിളിച്ചു. ''അണ്ണാ, ഏതാണ്ട് നമ്മുടെ സിനിമയിലേതു പോലെയായി അല്ലേ കാര്യങ്ങൾ...'' സംസാരത്തിനിടയിൽ ''സുരേഷ് രാഷ്ട്രീയത്തിലെത്തുമെന്നു പോലും ഞാൻ കരുതിയില്ല. ഇപ്പോഴിതാ കേന്ദ്രമന്ത്രി'' എന്ന് മധു പറഞ്ഞു.

പൊലീസ് വേഷങ്ങളിലടെ സുരേഷ്ഗോപി കത്തി നിൽക്കുന്ന കാലത്താണ് ഒരു രാഷ്ട്രീയക്കാരനാക്കാനുള്ള ചിന്തഉണ്ടായതെന്ന് തിരക്കഥാകൃത്ത് എ.കെസാജൻ പറഞ്ഞു. അന്ന് ചുരുക്കം സമയത്ത് മാത്രമാണ് സുരേഷ്‌ഗോപി രാഷ്ട്രീയം പറഞ്ഞിരുന്നത്. ആർ.ഡി. നായനാരുടെ കോസ്റ്റ്യൂമിട്ടിരുന്ന് ഇ.കെ. നായനാരോടും വി.എസ്.അച്യുതാനന്ദനോടുമുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിക്കുന്ന കരുണാകരന്റെ ഭരണമികവ് എടുത്തു പറഞ്ഞ സുരേഷ്‌ഗോപിയെ എനിക്കോർമ്മയുണ്ട്.

ഇനി എടാ മന്ത്രീയെന്ന് വിളിക്കാം

ഒന്നു പൊട്ടിയാലേ സുരേഷ് ഗോപിക്ക് വിജയം കൈവരൂ. അത് ഒന്നൊന്നര വിജയമായിരിക്കും- പറയുന്നത് സുരേഷിനെ സൂപ്പർസ്റ്രാറാക്കിയ സംവിധായകൻ ഷാജി കൈലാസ്. സിനിമയിലും അങ്ങനെയായിരുന്നു. മനുഷ്യ സ്നേഹത്തിന് ദൈവം കൊടുത്ത പ്രതിഫലമാണ് സുരേഷിന് കേന്ദ്രമന്ത്രി സ്ഥാനം. ഒരു മനുഷ്യന്റെ കദനകഥ പത്രത്തിൽ കണ്ടാൽ മതി. കാറുമെടുത്ത് നേരിട്ടിറങ്ങും സാഹായിക്കാൻ. അതാണ് സുരേഷ്. അതേസമയം, സുരേഷ് എം.പിയായിരുന്നപ്പോൾ ഞാൻ എടാ എം.പീ എന്നാണ് വിളിച്ചത്. ഇനി എടാ മന്ത്രീ എന്നു വിളിക്കാം. ഡൽഹിയിലേക്കു പോകും മുമ്പ് വിമാനത്താവളത്തിൽ നിന്നും സുരേഷ് എന്നെ വിളിച്ചിരുന്നു. പ്രാർത്ഥിക്കണേ... എന്നായിരുന്നു ആവശ്യം. എന്റെ പ്രാർത്ഥന എപ്പോഴുമുണ്ടാകുമെന്ന് പറ‌ഞ്ഞു.

Advertisement
Advertisement