തൃശൂരിൽ അണപൊട്ടി ആഹ്‌ളാദം

Monday 10 June 2024 2:04 AM IST

തൃശൂർ : മോദി സർക്കാരിന്റെ മൂന്നാമൂഴവും തൃശൂരിൽ ചരിത്രവിജയം നേടിയ സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിയായുള്ള സത്യപ്രതിജ്ഞയും ആഘോഷിച്ച് ബി.ജെ.പി-എൻ.ഡി.എ പ്രവർത്തകർ. ഇന്നലെ രാവിലെ മുതൽ ബി.ജെ.പി പ്രവർത്തകർ ആഘോഷം തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേർ വിവിധ സ്ഥലങ്ങളിൽ തടിച്ചുകൂടി ആട്ടവും പാട്ടുമായി സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി പദം ആഘോഷിച്ചു. ബൂത്ത്, പഞ്ചായത്ത് തലങ്ങളിലായിരുന്നു ആഹ്‌ളാദ പ്രകടനം.

വീടുകളിലേക്ക് പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും പ്രവർത്തകർ അധികാരമേൽക്കൽ ചടങ്ങ് ആഘോഷിച്ചു. മുതിർന്ന നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലേക്ക് പോയതോടെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആഹ്‌ളാദ പ്രകടനം. തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചാൽ കേന്ദ്രമന്ത്രിയെന്ന പ്രഖ്യാപനം യാഥാർത്ഥ്യമായതോടെ പ്രവർത്തകർ ഇരട്ടി സന്തോഷത്തിലാണ്. കേന്ദ്രമന്ത്രിയായെത്തുന്ന സുരേഷ് ഗോപിക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ്.

ഡൽഹിക്ക്

വൻനിര

സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാൻ തൃശൂരിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തി . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്ബി.ഗോപാലകൃഷ്ണൻ, സെക്രട്ടറി എ.നാഗേഷ്, സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ച മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് .നിവേദിത സുബ്രഹ്മണ്യൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചടങ്ങിനെത്തിയത്.

Advertisement
Advertisement