ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായേക്കും

Monday 10 June 2024 2:46 AM IST

മലപ്പുറം: രാജ്യസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹി കെ.എം.സി.സി അദ്ധ്യക്ഷനും സുപ്രീംകോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ സ്ഥാനാർത്ഥിയായേക്കും. ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം നന്താവനത്തെ സി.എച്ച്. മുഹമ്മദി കോയ ഫൗണ്ടേഷന്റെ പാണക്കാട് ഹാളിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നാവും പ്രഖ്യാപനം.

മുസ്‌‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം,​ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു എന്നിവരുടെ പേരും അവസാന ചർച്ചകളിലുണ്ടായിരുന്നു. ഹാരിസ് ബീരാന്റെ സ്ഥാനാർത്ഥിത്വത്തിൽ മുസ്‌ലിം ലീഗിലേയും യൂത്ത് ലീഗിലേയും ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അമർഷമുണ്ടെങ്കിലും സാദിഖലി തങ്ങൾ മുന്നോട്ടുവച്ച സ്ഥാനാർത്ഥി എന്നതിനാൽ നിർദ്ദേശം നേതാക്കൾ അംഗീകരിക്കും. പ്രവാസി വ്യവസായിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹാരിസ് ബീരാന് സീറ്റ് നൽകുന്നതെന്നാണ് ആരോപണം. ഡൽഹി കേന്ദ്രീകരിച്ചുള്ള നിയമ പോരാട്ടങ്ങളിൽ ലീഗിനായി ഹാജരാവുന്നതും സി.എ.എ കേസ് നടത്തിപ്പിന്റെ ചുമതലയേൽപ്പിക്കപ്പെട്ടതും ഹാരിസ് ബീരാനാണ്. പ്രമുഖ അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാന് ന്യൂനപക്ഷ വിഷയങ്ങൾ രാജ്യസഭയിൽ കൃത്യമായി അവതരിപ്പിക്കാനാവുമെന്ന വാദമുയർത്തിയാണ് എതിർപ്പിന്റെ മുനയൊടിക്കുന്നത്.

Advertisement
Advertisement