ചർച്ചകളിൽ അനിൽ ആന്റണിയും

Monday 10 June 2024 2:48 AM IST

പത്തനംതിട്ട: സുരേഷ് ഗോപിക്കൊപ്പം സംസ്ഥാനത്തു നിന്നുള്ള രണ്ടാമത്തെ മന്ത്രിയാക്കാൻ അനിൽ കെ. ആന്റണിയെയും പരിഗണിച്ചിരുന്നതായി സൂചന. അനിലിനേക്കാൾ സീനിയർ നേതാവായ ജോർജ് കുര്യന് മന്ത്രി സ്ഥാനം നൽകുകയായിരുന്നു. ബി.ജെ.പി ആസ്ഥാനത്തെ ചർച്ചകൾക്കൊടുവിൽ സഭകളുമായി നേരിട്ട് ബന്ധമുള്ള ജോർജിനാണ് നറുക്കു വീണത്. തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ക്രിസ്ത്യൻ സഭകളുമായി ബി.ജെ.പിയുടെ അടുപ്പവും മുൻനിറുത്തി അനിൽ മന്ത്രിയായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

ബി.ജെ.പി ദേശീയ സെക്രട്ടറിയായ അനിൽ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മറ്റിയംഗവുമാണ്. ക്യാബിനറ്റ് റാങ്കുള്ള പദവികളൊന്ന് അനിലിന് ലഭിച്ചേക്കാം. നേരത്തെ ജോർജ് വഹിച്ചിരുന്ന ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ,വാജ്പേയി സർക്കാർ കാലത്ത് വി. മുരളീധരൻ കൈകാര്യം ചെയ്തിരുന്ന നെഹ്റു യുവകേന്ദ്ര വൈസ് ചെയർമാൻ എന്നീ പദവികളിലേക്ക് പരിഗണിക്കാനിടയുണ്ട്.

ശബരിമല പ്രക്ഷോഭം വിഷയമായ 2019ൽ ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ 2.97ലക്ഷം വോട്ടുകൾ നേടിയിത് ഇടതു, വലതു മുന്നണികളുടെ ഹിന്ദു വോട്ടുകൾ ചോർത്തിക്കൊണ്ടായിരുന്നു. ഇത്തവണ വൈകിയാണ് അനിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പൊതുജനങ്ങളിലും പാർട്ടിയിലും പരിചയമില്ലാതിരുന്ന അദ്ദേഹം 55ദിവസം മാത്രം മണ്ഡലത്തിൽ നടത്തിയ പ്രചരണത്തിലൂടെ 2.34 ലക്ഷം വോട്ടുകൾ നേടിയത് മികച്ച പ്രകടനമായാണ് ബി.ജെ.പി കാണുന്നത്. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്ത് തുടർന്നും പ്രവർത്തിക്കാൻ അനിലിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതായാണ് അറിയുന്നത്.

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്. പല ഘടകങ്ങളും നാേക്കിയാണ് ജോർജ് കുര്യനെ മന്ത്രിയാക്കിയത്.

-അനിൽ ആന്റണി.

Advertisement
Advertisement