ട്രാൻ. ബസിടിച്ച് ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

Monday 10 June 2024 2:50 AM IST

തൃശൂർ: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസിടിച്ച് തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നോടെ ശക്തൻതമ്പുരാൻ സ്റ്റാൻഡിലെ പ്രതിമയുടെ ഇരുമ്പുവേലി തകർത്താണ് ബസ് ഇടിച്ചു കയറിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.

പ്രതിമയുടെ പിൻഭാഗത്താണ് ഇടിച്ചത്. താഴേയ്ക്കു വീണ പ്രതിമയുടെ കാൽഭാഗം നെടുകെ പിളർന്നു. ബസിന്റെ മുൻഭാഗത്ത് ഇരുന്നവർക്കാണ് പരിക്കേറ്റത്. ഇവർ പ്രാഥമികശുശ്രൂഷ തേടിയശേഷം യാത്ര തുടർന്നു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്നും അതല്ല ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്നും പറയുന്നു. ഇതേക്കുറിച്ച് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്.

വളരെക്കാലമായുള്ള ആവശ്യങ്ങൾക്കൊടുവിൽ 2013ലാണ് പ്രതിമ സ്ഥാപിച്ചത്. പുത്തേഴത്ത് രാമൻമേനോൻ രചിച്ച 'ശക്തൻ തമ്പുരാന്റെ ആത്മകഥ'യിൽ ശങ്കരമേനോൻ വരച്ച ചിത്രമാണ് പ്രതിമാ നിർമ്മാണത്തിന് ഉപയോഗിച്ചത്. 30 ലക്ഷം രൂപ ചെലവിട്ട് വെങ്കലംകൊണ്ട് അഞ്ചു ഘട്ടമായാണ് പൂർത്തിയാക്കിയത്. കുന്നുവിള ശിൽപകേന്ദ്രത്തിലെ കുന്നുവിള മുരളിയാണ് നിർമ്മിച്ചത്. എം.പിയായിരുന്ന പി.സി.ചാക്കോ, ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ.ബി.ഗോപാലകൃഷ്ണൻ, ശക്തൻ തമ്പുരാൻ പ്രതിമ നിർമ്മാണ സമിതി രക്ഷാധികാരി പ്രൊഫ.കെ.ബി.ഉണ്ണിത്താൻ എന്നിവരാണ് പ്രതിമാനിർമ്മാണത്തിന് മുൻകൈയെടുത്തത്.

പ്രതിമ പുനർനിർമ്മിക്കും: മന്ത്രി

ശക്തൻ തമ്പുരാന്റെ പ്രതിമ പുനർനിർമ്മിക്കുമെന്ന് സ്ഥലം സന്ദർശിച്ചശേഷം മന്ത്രി കെ.രാജൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ചെലവിൽ എത്രയും വേഗം പ്രതിമ പുന:സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറും ഉറപ്പു നൽകി.

Advertisement
Advertisement