ജോസ് വള്ളൂരിനോടും എം.പി.വിൻസെന്റിനോടും രാജി ആവശ്യപ്പെട്ടു
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ.മുരളീധരന്റെ തോൽവിക്കും തുടർന്നുണ്ടായ ഡി.സി.സി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ തൃശൂർ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂരിനും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റിനുമെതിരെ നടപടി. ഇരുവരോടും പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടു. പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതലയും നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാനായി മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹനെ നിയമിച്ചേക്കും.
അതേസമയം സ്ഥിരമായി പ്രസിഡന്റിനെ നിയമിക്കണമെന്നത് സംബന്ധിച്ച് ഇന്നലെ വൈകിയും ഡൽഹിയിൽ ചർച്ച നടന്നുവരികയാണ്. ജോസ് വള്ളൂർ ഉടൻ രാജിക്കത്ത് നൽകുമെന്നാണ് സൂചന. അതേസമയം, കെ.മുരളീധരന്റെ തോൽവിയിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂരിനെ നേരത്തെ കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂട്ടത്തല്ലിൽ വിശദീകരണവുമായി ജോസ് വള്ളൂരും രംഗത്തെത്തി. കൂട്ടത്തല്ല് മദ്യലഹരിയിൽ ഡി.സി.സി സെക്രട്ടറി സജീവൻ കുരിച്ചിറയുടെ നേതൃത്വത്തിൽ ഉണ്ടായതാണെന്നായിരുന്നു വിശദീകരണം. കെ.എസ്.യു നേതാവിനെയും സോഷ്യൽ മീഡിയാ കോർഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവൻ മർദ്ദിച്ചുവെന്നും പറഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുമായിട്ടായിരുന്നു ജോസ് വള്ളൂർ ഡൽഹിയിൽ നേതാക്കളെ കാണാനെത്തിയത്.