45 വർഷമായി ബിജെപിയിലുള്ള ജോർജ് കുര്യന് മന്ത്രിസ്ഥാനം ലഭിച്ചതിന് കാരണക്കാരൻ സുരേഷ് ഗോപി, 'ഇല്ലെങ്കിൽ കിട്ടില്ലായിരുന്നു'

Monday 10 June 2024 11:39 AM IST

ന്യൂഡൽഹി: അപ്രതീക്ഷിതമായാണ് കേന്ദ്ര സഹ മന്ത്രി സ്ഥാനം തന്നെ തേടിയെത്തിയതെന്ന് ജോർജ് കുര്യൻ. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ ഡൽഹിയിൽ എത്തിയ തന്നോട് മുതിർന്ന ബിജെപി നേതാവിന്റെ വീട്ടിൽ എത്താൻ നിർദ്ദേശിക്കുകയായിരുന്നെന്ന് ജോർജ് കുര്യൻ പറഞ്ഞു. തനിക്ക് മന്ത്രി സ്ഥാനം കിട്ടാൻ കാരണമായത് സുരേഷ് ഗോപിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സാധാരണ ഇത്തരം അവസരങ്ങളിൽ ഈ നേതാവ് വിളിക്കുന്നത് കേരളത്തിൽ നിന്നും എത്തുന്ന നേതാക്കളുടെ അറേഞ്ച്‌മെന്റ്സ് കാര്യങ്ങളൊക്കെ അന്വേഷിക്കാൻ വേണ്ടിയായിരിക്കും. എന്നാൽ ഇത്തവണ എന്നോട് പറഞ്ഞത്, നിങ്ങൾ 45 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. നിങ്ങളെ പാർട്ടി പരിഗണിക്കുന്നുണ്ട് എന്നാണ്. മന്ത്രിയാകുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് മറ്റൊരു നേതാവ് ഫോണിൽ വിളിച്ച് പ്രധാനമന്ത്രിയുടെ വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു. അവിടെ വച്ചാണ് മന്ത്രിയാകുന്ന കാര്യം തന്നോട് ഔദ്യോഗികമായി പറയുന്നത്. അതുകൊണ്ടാണ് വീട്ടിൽ പോലും ഇക്കാര്യം അറിയിക്കാൻ സാധിക്കാതിരുന്നത്'.

'ഞാൻ ഒരു സാധാരണ പ്രവർത്തകൻ എന്നാണ് ആദ്യം വിളിച്ച നേതാവ് എന്നോട് പറഞ്ഞത്. 45 വർഷമായി പ്രവർത്തിക്കുന്നു. അതിനിടെയിൽ ഇതുവരെ ഒരു ഡിമാൻഡും താങ്കൾ മുന്നോട്ടുവച്ചില്ല. അതുകൊണ്ട് നിങ്ങളെ പരിഗണിക്കുന്നു. അതു മാത്രമേ പാർട്ടി തന്നോട് പറഞ്ഞിരുന്നുള്ളൂ. പിന്നീട് പ്രധാനമന്ത്രിയാണ് തന്നോട് മന്ത്രിസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്. യുവമോർച്ചയിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെ നരേന്ദ്ര മോദിജിയെ പരിചയമുണ്ടായിരുന്നു. അന്ന് യുവമോർച്ച ഓൾ ഇന്ത്യ വൈസ് പ്രസിഡന്റായിരുന്നു ഞാൻ. പ്രധാനമന്ത്രയുടെ വസതിയിൽ വച്ച് സംസാരിച്ചപ്പോൾ അന്നത്തെ ചില കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പ് സംവിധാനം ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. 'ഞാൻ ഒ രാജഗോപാലിന്റെ ശിഷ്യനായിരുന്നു. എന്നെ ട്രെയിനിംഗിനായി പാർട്ടി വിട്ടതാണ് അദ്ദേഹത്തിന്റെ കൂടെ. ചെറുപ്പം മുതൽ പാർട്ടിയിലൂടെ ഒ രാജപോലുമായി അറ്റാച്ച്ഡ് ആയി. കെ സുരേന്ദ്രൻ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണ് ഞാൻ. അതുകൊണ്ട് ബിജെപിയിൽ ഗ്രൂപ്പ് സംവിധാനമുണ്ടോ എന്ന കാര്യം തനിക്ക് ഫീൽ ചെയ്തിട്ടില്ല. പത്രങ്ങളിലും ചാനലുകളിലും കാണാറുണ്ട്'- അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ജെപി നദ്ദയുടെ വീട്ടിൽ പാർട്ടി ഉണ്ടായിരുന്നെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. 'നദ്ദയുടെ വീട്ടിൽ വച്ച് മറ്റ് നേതാക്കളുമായി സംസാരിച്ചു. പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ വീട്ടിൽ പോകുന്നത് വരെ ഞാൻ ഒരു നേതാക്കളുമായും ബന്ധപ്പെട്ടിട്ടില്ല. ഒരു ടാക്സി വിളിച്ചാണ് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോയത്. ശേഷം ഞാൻ പോയത് വി മുരളീധരന്റെ വീട്ടിലേക്കാണ്. ഇപ്പോൾ ഈ അഭിമുഖം നൽകുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ്'

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമായി സംസാരിച്ചതിനെക്കുറിച്ചും ജോർജ് കുര്യൻ പറഞ്ഞു. 'ഇന്നലെ സുരേഷ് ഗോപിയുമായി സംസാരിച്ചു. എനിക്ക് ഈ മന്ത്രി സ്ഥാനം കിട്ടാൻ കാരണം സുരേഷ് ഗോപിയാണ്. പ്രവർത്തകർക്ക് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചത് കേരളത്തിൽ സുരേഷ് ഗോപി ജയിച്ചതുകൊണ്ടും അക്കൗണ്ട് തുറന്നതുകൊണ്ടുമാണ്. അല്ലെങ്കിൽ അത് കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിക്കുള്ള സംഭാവന ഈ അവസരത്തിൽ സ്മരിക്കുകയാണ്' -ജോർജ് കുര്യൻ പറഞ്ഞത്.

Advertisement
Advertisement