സ്വന്തം രക്തം കൊതുകുകൾക്ക് നൽകി ശാസ്ത്രജ്ഞൻ; വീഡിയോ വെെറലായതിന് പിന്നാലെ ആശങ്ക
മഴക്കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് കൊതുകുകളെയാണ്. ഇവ കുത്തുമ്പോൾ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നു. കൂടാതെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കൊതുകുകളുടെ ശല്യം അകറ്റാൻ വേണ്ടി തിരി, വല എന്നിവ ഉപയോഗിക്കാറുണ്ട്. എന്നാൽ കൊതുകിന് തന്റെ രക്തം കുടിക്കാൻ കൊടുക്കുന്ന ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പെറാൻ റോസ് എന്നാണ് ഇയാളുടെ പേര്.
ഒരു ജീവശാസ്ത്രജ്ഞനായ ഇദ്ദേഹം ലാബിലെ കൊതുകുകൾക്ക് തന്റെ രക്തമാണ് എന്നും ഭക്ഷണമായി നൽകുന്നത്. 60 സെക്കൻഡ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിന്റെ വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്.
പ്രാണികളെയും മറ്റും കുറിച്ച് പഠനം നടത്തുന്ന ആളാണ് പെറാൻ റോസ്. അദ്ദേഹത്തിന്റെ ലാബിൽ ഒരു കൂട്ടിൽ 100 കണക്കിന് കൊതുകുകളെയാണ് വളർത്തുന്നത്. ഈ കൂട്ടിനുള്ളിലേക്ക് അദ്ദേഹം തന്റെ കെെ കാണിക്കുന്നതും കൊതുകുകൾ പെറാൻ റോസിന്റെ ശരീരത്തിൽ കടിക്കുന്നതും വീഡിയോയിൽ ഉണ്ട്.
എന്നും കൊതുകുകൾക്ക് തന്റെ രക്തമാണ് നൽകുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. പലരും കൊതുകിന്റെ കൂട്ടിൽ കെെവയ്ക്കാൻ തയ്യാറാക്കില്ലെന്നും എന്നാൽ അവ മനോഹരമായ ജീവികളാണെന്നും പെറാൻ റോസ് പറയുന്നു. 15 സെക്കന്റാണ് കൊതുകുകൾക്ക് കുത്താൻ അദ്ദേഹം കെെ വച്ച് കൊടുക്കുന്നത്. കൊതുക് മനുഷ്യനെന്നും ഇദ്ദേഹത്തെ അറിയപ്പെടാറുണ്ട്.
വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ആശങ്കയുമായി രംഗത്തെത്തുന്നത്. കൊതുക് കുത്തിയാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലേയെന്നും ചൊറിച്ചിൽ അനുഭവപ്പെട്ടില്ലേയെന്നും പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ വെെറലാണ്.