ലാഭത്തിന്റെ പകുതി കേരളത്തിനെന്ന് ഓഫര്‍, പക്ഷേ മടങ്ങിവരാനുള്ള അവരുടെ ആഗ്രഹം നടക്കില്ല

Monday 10 June 2024 8:47 PM IST

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളാണ് ലോട്ടറിയും മദ്യവും. ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ പ്രതിദിനം കേരള സര്‍ക്കാര്‍ സമാഹരിക്കുന്നത്. അതില്‍ തന്നെ ഭാഗ്യം പരീക്ഷിക്കുന്നതിനായി ലോട്ടറിയെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് കേരളത്തില്‍. സംസ്ഥാനത്തെ ഈ സ്ഥിതി മനസ്സിലാക്കി വമ്പന്‍ ഓഫറാണ് സിക്കിം സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. കേരളത്തില്‍ ലോട്ടറി വില്‍പ്പനയ്ക്ക് അനുമതി നല്‍കിയാല്‍ മൊത്തം ലാഭത്തിന്റെ 50 ശതമാനം കേരളത്തിന് എന്നതാണ് സിക്കിം മുന്നോട്ട് വച്ച ഓഫര്‍.

എന്നാല്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. 2004ലാണ് കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന നിര്‍ത്തലാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് കേരളം കേന്ദ്രത്തെ സമീപിച്ചതോടെയാണ് വില്‍പ്പന നിന്നത്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം സിബിഐക്ക് വിട്ടത്. പക്ഷേ, സിക്കിം ലോട്ടറി വില്‍പ്പന കേന്ദ്രം നിരോധിച്ചിട്ടില്ല. പഴയ നികുതി ഘടന മാറി ജിഎസ്ടി വന്നതോടെ ഫെഡറല്‍ നിയമപ്രകാരം ലോട്ടറി വില്‍പ്പന അനുവദിക്കണമെന്നാണ് സിക്കിം സര്‍ക്കാരിന്റെ ആവശ്യം. സിക്കിം ലോട്ടറിക്ക് വലിയ മാര്‍ക്കറ്റുണ്ടായിരുന്ന കേരളമാണ് വീണ്ടും ലക്ഷ്യമിടുന്നത്.

ലോട്ടറി വില്‍പ്പനയ്ക്ക് അനുമതി തേടി സിക്കിം സര്‍ക്കാര്‍ പല പ്രാവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെയാണ് സമീപിച്ചു. ഏറ്റവും ഒടുവില്‍ ലോട്ടറിയുടെ ലാഭം കേരളവുമായി പങ്കിടാമെന്ന ഫോര്‍മുലയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്രം കേരളത്തോട് അഭിപ്രായം തേടി. നിലവില്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് 32 കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതില്‍ ചില കുറ്റപത്രങ്ങള്‍ നല്‍കി. മറ്റ് ചിലതില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറി വില്‍പ്പന അനുവദിക്കില്ലെന്നാണ് സംസ്ഥാനം നല്‍കിയ മറുപടി.

Advertisement
Advertisement