ഫോട്ടോയ്ക്ക് സൗഹൃദത്തോടെ സാമാജികർ
തിരുവനന്തപുരം: നിയമസഭാ സാമാജികരെല്ലാം കക്ഷിഭേദമന്യേ സൗഹൃദം പങ്കിട്ട് ഫോട്ടോ സെഷന് എത്തി.നിയമസഭയിൽ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലായിരുന്നു രാവിലെ ചോദ്യോത്തര വേളയ്ക്ക്ശേഷം ഫോട്ടോയെടുപ്പ്. മദ്ധ്യത്തിൽ സ്പീക്കർ, അദ്ദേഹത്തിന് ഇരുവശത്തുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. മുഖ്യമന്ത്രിയുടെ അടുത്തായി ലോക് സഭയിലേക്ക് പോകുന്ന മന്ത്രി കെ.രാധാകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെ അപ്പുറത്തായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
മന്ത്രിമാർക്ക് പുറമെ, ചില മുതിർന്ന സാമാജികരും മുൻനിരയിൽ സ്ഥാനംപിടിച്ചു. ലോക് സഭയിലേക്ക് ജയിച്ചതിനാൽ നിയമസഭാംഗത്വം ഒഴിയുന്ന ഷാഫി പറമ്പിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് വൈകിട്ട് തലസ്ഥാനത്ത് സ്വീകരണമൊരുക്കിയിരുന്നു. ക്യാമറാമാന്മാർക്കും മാദ്ധ്യമപ്രവർത്തകർക്കും പ്രവേശനം ഉണ്ടായിരുന്നില്ല.
ഫോട്ടോയെടുപ്പ് കഴിഞ്ഞ് സാമാജികർക്കും മാദ്ധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമായി ചായ സൽക്കാരം ഒരുക്കിയിരുന്നു.