പൊലീസ് നിർദ്ദേശത്തിന് പുല്ലുവില ആലുവ മെട്രോ സ്റ്റേഷന് മുമ്പിൽ വീണ്ടും അനധികൃത പാർക്കിംഗ്

Tuesday 11 June 2024 12:44 AM IST
മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ആലുവ തൈനോത്ത് റോഡിലെ അനധികൃത പാർക്കിംഗ്

ആലുവ: പൊലീസിനെ വെല്ലുവിളിച്ചും നിരോധന ഉത്തരവ് ലംഘിച്ചും ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് വീണ്ടും അനധികൃത പാർക്കിംഗ്. ഇവിടെ സ്റ്റാൻഡ് നിരോധിച്ചിട്ടും ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുകയാണ്. ഇതിന് പുറമെ ഗതാഗതകുരുക്കും അപകടവും ക്ഷണിച്ച് വരുത്തുംവിധം ഓട്ടോറിക്ഷകളുടെ നിരങ്ങി നീങ്ങലായ 'ഉരട്ടലും' വ്യാപകമായി.

ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് പൂർണമായി തൈനോത്ത് റോഡിലേക്ക് മാറിയതോടെ ഇരുവശത്തുനിന്നും കാറുകളെത്തിയാൽ കടന്നുപോകാൻ കഴിയാതെയായി. പൊലീസ് കെട്ടിയ നോ പാർക്കിംഗ് ബാനറിന് കീഴിലാണ് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയുമെല്ലാം പാർക്കിംഗ്. യൂബർ ഓട്ടോ ഡ്രൈവറെ ഇവിടത്തെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ക്രൂരമായി മർദ്ദിച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മെട്രോ സ്റ്റേഷന് മുമ്പിലെ അനധികൃത ഓട്ടോറിക്ഷ സ്റ്റാൻഡ് പൊലീസ് വിലക്കിയത്. പക്ഷെ ഇതേസ്ഥലം ഇരുചക്ര വാഹനങ്ങൾ കയ്യടക്കിയതിനാൽ അടുത്ത ദിവസം പൊലീസ് പ്ലാസ്റ്റിക്ക് ചരടുകെട്ടുകയും നോ പാർക്കിംഗ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു. ഡ്യൂട്ടിക്ക് പൊലീസിനെയും നിയോഗിച്ചു. രണ്ട് ദിവസം സുഗമമായിരുന്നുവെങ്കിലും ഇന്നലെ വീണ്ടും അനധികൃത പാർക്കിംഗ് തിരിച്ചെത്തി.

അനധികൃത പാർക്കിംഗ് മാത്രമല്ല ഉരുട്ടലും വ്യാപകം

മെട്രോ സ്റ്റേഷന് മുമ്പിൽ രണ്ട് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്ത ശേഷമാണ് മറ്റ് ഓട്ടോകളുടെ നിരങ്ങി നീക്കം ഇത് കൂടുതൽ അപകടങ്ങളും ഗതാഗതകുരുക്കും സൃഷ്ടിക്കും ഓട്ടോറിക്ഷകൾ പലപ്പോഴും തിരിയുന്നത് പിന്നിൽ നിന്നും വാഹനം വരുന്നുണ്ടോയെന്ന് പോലും നോക്കാതെ അനധികൃത പാർക്കിംഗ് തിരിച്ചെത്താൻ കാരണം പൊലീസ് പിൻവലിഞ്ഞത്

ഉരുട്ടൽ നല്ല പാർക്കിംഗ് സൗകര്യം ഒഴിവാക്കി

മെട്രോ കവാടത്തിൽ നിന്നും 25 മീറ്റർ മാത്രം അകലെ മാർക്കറ്റ് മേൽപ്പാലത്തിന് അടിയിൽ (വടക്കേ അറ്റം) ആവശ്യത്തിലേറെ പാർക്കിംഗ് സൗകര്യമുണ്ടായിട്ടും മെട്രോ കവാടത്തിലേക്ക് ഓട്ടോറിക്ഷകൾ എത്തുകയാണ്. 25ൽ താഴെ ഓട്ടോറിക്ഷകൾ മാത്രമുള്ള സ്റ്റാൻഡിൽ 100ലേറെ ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മഴയും വെയിലും ഏൽക്കാതെയും ടൈൽ വിരിച്ച സ്ഥലത്ത് പാർക്ക് ചെയ്യാം. മറ്റ് വാഹനങ്ങളെ പ്രവേശിപ്പിക്കാതെ ബോർഡും സ്ഥാപിച്ച ശേഷമാണ് ഇതേ ഓട്ടോറിക്ഷകൾ തന്നെ മെട്രോ സ്റ്റേഷന് മുമ്പിലിട്ട് ഉരുട്ടുന്നത്.

Advertisement
Advertisement