മടവൂരിന്റെ രാജി: പരിഹസിച്ച് വെള്ളാപ്പള്ളി

Tuesday 11 June 2024 4:39 AM IST

ചേർത്തല: നവോത്ഥാന സമിതി വൈസ് ചെയർമാൻ ഹുസൈൻ മടവൂരിന്റെ രാജിയെ പരിഹസിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണത് പോലെയാണ് നവോത്ഥാന സമിതി വൈസ് ചെയർമാന്റെ രാജിയെന്ന് വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ മാദ്ധ്യമ പ്രവർത്തകരോട്

പറഞ്ഞു.. രാജിവയ്ക്കാൻ കാരണം തേടിയിരിക്കുകയായിരുന്നു. തന്റെ പ്രസ്താവന അവസരമാക്കി രാജി വച്ചു. മുഖ്യമന്ത്രി പിണറായി പറഞ്ഞാൽ അല്ലാതെ താൻ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാറിനെ മന്ത്രിയാക്കുമെന്ന് താൻ കേട്ടിട്ടില്ല. ബി.ഡി.ജെ.എസിന് മന്ത്റിസ്ഥാനം കിട്ടണമോയെന്ന് അവർ തീരുമാനിച്ചോട്ടെ. തമ്മിലടിപ്പിക്കാൻ നോക്കേണ്ട. ഇപ്പോൾ കേന്ദ്ര മന്ത്രിയായ രണ്ടു പേരും മിടുക്കരാണ്. ആലപ്പുഴയിലേയും പത്തനംതിട്ടയിലേയും എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പാളിയെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതാണ്. . ആരിഫിനോട് പറയേണ്ട കാര്യമില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം പിണറായിയുടെ തലയിൽ കൊടുക്കണ്ടാ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വികാരം ബി.ജെ.പിക്ക് എതിരായിരുന്നു.അത് കോൺഗ്രസിനാണ് ഗുണം ചെയ്തത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഫലം ആവർത്തിച്ചു.ഇനി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടതിനായിരിക്കും നേട്ടമുണ്ടാവുകയെന്നും വെളളാപ്പളളി പറഞ്ഞു.

Advertisement
Advertisement