'കൈയും കാലും വെട്ടും': വനപാലകർക്ക് വീണ്ടും സി.പി.എം ഭീഷണി

Tuesday 11 June 2024 4:46 AM IST

പത്തനംതിട്ട: സീതത്തോട് കൊച്ചുകോയിക്കലിൽ വനപാലകർക്കെതിരെ വീണ്ടും സി.പി.എം നേതാക്കളുടെ ഭീഷണി. കുളഞ്ഞിമുക്കിന് സമീപം റോഡിൽ മുറിച്ചിട്ട തടി പരിശോധിക്കാനെത്തിയ വനപാലകരെ ആക്രമിച്ചെന്ന പരാതിയിൽ 12 സി.പി.എമ്മുകാർക്കെതിരെ പൊലീസ് കേസെടുത്തിൽ പ്രതിഷേധിച്ച് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനത്തിലാണ് നേതാക്കളുടെ ഭീഷണി.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയംഗം ജോബി ടി. ഇൗശോയാണ് ആദ്യം ഭീഷണി മുഴക്കിയത്. 'ബൂട്ടിട്ട് വീടുകളിൽ വരുന്നവർ ഒറ്റക്കാലിൽ നിൽക്കാനുള്ള അഭ്യാസം കൂടി പഠിക്കണം. കൊലപാതകത്തിന് നിങ്ങൾക്ക് ഇനിയും കേസ് കൊടുക്കേണ്ടിവരും' എന്നിങ്ങനെയായിരുന്നു പ്രസംഗം. കാല് മാത്രമല്ല, കൈയും വെട്ടാനറിയാമെന്നും ജനാധിപത്യ വിപ്ളവം മാത്രമല്ല, സായുധ വിപ്ളവം നടത്താനും തങ്ങൾക്കറിയാമെന്നും തുടർന്ന് സംസാരിച്ച സി.പി.എം പെരുനാട് ഏരിയ കമ്മിറ്റിയംഗം ജയ്സൺ ജയിംസ് പറഞ്ഞു. നേരത്തെ കടമ്മനിട്ട കോളേജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്നു ജയ്സൺ.

പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് തടസം നിൽക്കുന്നെന്ന് ആരോപിച്ച് ഏറെ നാളായി ഇവിടെ സി.പി.എം പ്രതിഷേധത്തിലാണ്. തണ്ണിത്തോട്ടിലും വനപാലകരുമായി സി.പി.എം സംഘർഷാവസ്ഥയിലാണ്. അടവി ഇക്കോ ടൂറിസം സെന്ററിന് മുന്നിൽ സി.ഐ.ടി.യു കൊടിമരം സ്ഥാപിച്ചത് പിഴുതുമാറ്റിയ വനപാലകരുടെ കൈവെട്ടുമെന്ന് തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.