വാളയാർ കേസ്: അമ്മയുടെ നിവേദനം പരിഗണിക്കണമെന്ന് കോടതി
Tuesday 11 June 2024 4:48 AM IST
കൊച്ചി: വാളയാറിൽ പീഡനത്തിനിരയായി ദളിത് സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ കുട്ടികളുടെ അമ്മ നൽകിയ നിവേദനവും സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച് അമ്മ ഫയൽ ചെയ്ത ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നിർദ്ദേശം. അഡ്വ.രാജേഷ് എം.മേനോനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്. 13 വയസുള്ള മൂത്തമകളെ 2017 ജനുവരി 13നും ഒമ്പതുകാരിയായ മകളെ 2017 മാർച്ച് നാലിനുമാണ് വാളയാറിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കിരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ.യുടെ പുനരന്വേഷണം നടക്കുകയാണ്.