അദ്ധ്യയനം നടക്കാൻ പോംവഴി സാങ്കേതിക പ്രശ്നമുള്ള സ്ക്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ്

Tuesday 11 June 2024 12:00 AM IST

തിരുവനന്തപുരം : സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി അദ്ധ്യയനത്തിന് സൗകര്യമൊരുക്കും. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജീവന് ഭീഷണിയായ ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി ഈ അദ്ധ്യയന വർഷത്തേക്ക് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കും.

ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ക്ലാസ്‌മുറിക്ക് ആവശ്യമായ വലുപ്പമില്ലാത്തത്,ഫാൾസ് സീലിംഗ് ഇല്ലാത്തത്,കെട്ടിടനിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയുള്ള നിർമ്മാണം തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂളുകൾക്കാണ് പ്രൊവിഷണൽ ഫിറ്റ്നസ് നൽകുക. ഈ സാങ്കേതിക പ്രശ്‌നങ്ങൾ നടപ്പ് അദ്ധ്യയന വർഷം തന്നെ സ്‌കൂളുകൾ പരിഹരിക്കണമെന്നാണ് നിർദ്ദേശം.

ഇതുമായി ബന്ധപ്പെട്ട മോണിറ്ററിംഗ്, ഫെസിലിറ്റേഷൻ ആവശ്യത്തിന് തദ്ദേശവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാതലങ്ങളിൽ സംവിധാനം ഒരുക്കും. കെട്ടിടനിർമ്മാണ ചട്ടങ്ങളിലും വിദ്യാഭ്യാസ ചട്ടങ്ങളിലും ഒരേ വിഷയത്തിൽ വ്യത്യസ്തമായി വരുന്ന നിബന്ധനകൾ ക്രമീകരിക്കാനും തീരുമാനമായി. സ്‌കൂളുകൾക്ക് അനുവദനീയമായ ഇളവുകൾ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തും. ഇതിന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്‌കൂൾ കെട്ടിടങ്ങൾക്ക് മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകൾ മുറിച്ചെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകി.

ഫിറ്റ്നസില്ലാത്ത 1421 സ്കൂളുകൾ

സംസ്ഥാനത്തെ 7557ൽ 6136 സ്‌കൂളുകൾക്കും ഫിറ്റ്നസ് ലഭിച്ചു. 1421 എണ്ണമാണ് അവശേഷിക്കുന്നത്. എയ്ഡഡ് മേഖലയിൽ 835, സർക്കാർ മേഖലയിൽ 386, സ്വകാര്യ മേഖലയിൽ 200 സ്‌കൂളുകൾക്കാണ് വിവിധ കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാനുള്ളത്.

Advertisement
Advertisement