രാജ്യസഭാ സ്ഥാനാർത്ഥി നിർണയം : സി.പി.ഐ എക്‌സിക്യൂട്ടീവിൽ തർക്കം

Tuesday 11 June 2024 4:23 AM IST

തിരുവനന്തപുരം: സി.പി.ഐ രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സി.പി.ഐ എക്‌സിക്യൂട്ടീവിൽ തർക്കം. നിലവിൽ അസിസറ്റന്റ് സെക്രട്ടറിയായ പി.പി സുനീറിന്റെ പേരിനൊപ്പം സി.പി.ഐ ദേശീയ നേതാവ്‌ പ്രകാശ് ബാബുവിന്റെ പേര് കൂടി ഉന്നയിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സുനീറിന്റെ പേര് മുന്നോട്ട് വെച്ചത്. മുല്ലക്കര രത്‌നാകരൻ പ്രകാശ് ബാബുവിന്റെ പേരും ഉന്നയിച്ചു. ഇ.ചന്ദ്രശേഖരൻ, കെ.രാജൻ, ജി.ആർ അനിൽ എന്നിവർ പ്രകാശ് ബാബുവിനെ പിന്താങ്ങുകയും ചെയ്തു. ഇത്തവണ ന്യൂനപക്ഷത്ത് നിന്നുള്ള സുനീറിന് രാജ്യസഭാംഗത്വം അനിവാര്യമാണെന്ന നിലപാടിൽ ബിനോയ് വിശ്വം ഉറച്ച് നിന്നു. ഇത് പാർട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സ്ഥാനാർത്ഥിത്വം സുനീറിന് നൽകാൻ തീരുമാനിച്ചെങ്കിലും കടുത്ത എതിർപ്പാണ് യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരിടേണ്ടി വന്നത്.