കരാർ ഡ്രൈവർക്ക് ശമ്പളമില്ല: കെ.എസ്.ഇ.ബിയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Tuesday 11 June 2024 12:02 AM IST
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: കെ.എസ്.ഇ.ബി ബേപ്പൂർ സെക്ഷൻ ഓഫീസിൽ 12 വർഷമായി കരാർ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രജിത്തിന് മാസങ്ങളായി ശമ്പളം നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വൈദ്യുതി ബോർഡ് കല്ലായി അസി. എക്സിക്യൂട്ടീവ് എൻജിനിയർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ശമ്പളം കിട്ടിയിട്ട് നാലുമാസമായി. പ്രതിമാസം ലഭിക്കുന്ന 30,000 രൂപ ശമ്പളത്തിൽ നിന്ന് ഇന്ധനത്തിനും അറ്റകുറ്റപണികൾക്കും തുക കണ്ടെത്തണം. ഓരോ മാസവും 1500 കിലോമീറ്റർ ഓടണമെന്നാണ് കരാർ. എന്നാൽ കിലോമീറ്റർ കൂടിയതോടെ പ്രജിത്ത് ജീപ്പ് ഓടിക്കാൻ വിസമ്മതിച്ചു. ഇതോടെ ഉദ്യോഗസ്ഥർ ശമ്പളം പിടിച്ച് പ്രതികാരം ചെയ്യാൻ തുടങ്ങി. പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ബില്ലിൽ പ്രജിത്ത് ഒപ്പിടാത്തതുകൊണ്ടാണ് ശമ്പളം വൈകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കിലോമീറ്റർ പരിധി കഴിഞ്ഞിട്ടും 30 ദിവസം തികച്ചില്ലെന്നതിന്റെ പേരിൽ ശമ്പളം വെട്ടി കുറച്ചതുകൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തതെന്ന് പ്രജിത്ത് പറയുന്നു.

Advertisement
Advertisement