ജില്ലയെ പിടിച്ചുലച്ച് പകർച്ചവ്യാധികൾ 

Tuesday 11 June 2024 12:42 AM IST

കൊല്ലം: കാലാവസ്ഥാ വ്യതിയാനത്തിൽ ജില്ലയിൽ പകർച്ചവ്യാധികൾ പെരുകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ തരം പനികൾ ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 4827 ആണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് പുറമേ വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്‌സ്, ഹെപ്പറ്റൈറ്റിസ് എ, ബി, സി, മലേറിയ, ഷിഗെല്ല, എച്ച് വൺ എൻ വൺ, കൊവിഡ് എന്നിവയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 213 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ജൂൺ ഒന്നിനും ഏഴിനും സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ കൊല്ലത്താണ്. 35, 37 പേർ വീതം. കോർപ്പറേഷൻ പരിധിയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഇരവിപുരം, ശക്തികുളങ്ങര, കൊല്ലം, കിളികൊല്ലൂർ, കുളക്കട, പാലത്തറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലുള്ളത്. വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്. ഹരിതകർമ്മ സേന ശേഖരിച്ച് റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന ചാക്കുകളിൽ മഴവെള്ളം വീണ് മാലിന്യങ്ങളോടൊപ്പം കലർന്ന് ഡെങ്കി കൊതുകുകൾ വളരാൻ ഇടയാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

എലിപ്പനിയിൽ മാത്രമാണ് ജില്ലയിൽ നേരിയ കുറവ് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ആറ് പേർക്ക് മാത്രമാണ് എലിപ്പനി ബാധിച്ചത്. ഏറ്റവും അധികം പേർ പനിബാധിച്ച് ചികിത്സ തേടിയത് മേയ് 31നാണ്. 491 പേർ. രണ്ടാഴ്ചയ്ക്കിടെ 178പേരാണ് കിടത്തി ചികിത്സയ്ക്ക് വിധേയമായത്.

പനി ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. സ്വയം ചികിത്സ അരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

വില്ലൻ കാലാവസ്ഥ വ്യതിയാനം

 ഡെങ്കിപ്പനിക്ക് പിന്നാലെ വയറിളക്ക രോഗങ്ങൾ ജില്ലയിൽ ഭീഷണിയായി

 രണ്ടാഴ്ചയ്ക്കിടെ വയറിളക്കം പിടിപ്പെട്ടത് 1311 പേർക്ക്

 മലിന ജലത്തിലൂടെയും മലിനമായ സാഹചര്യങ്ങളിലൂടെയുമാണ് രോഗം പടരുന്നത്

 രണ്ടാഴ്ചയ്ക്കിടെ 61പേർക്ക് ചിക്കൻപോക്‌സ് സ്ഥിരീകരിച്ചു

 എട്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും രണ്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് എയും

 ഹെപ്പറ്റൈറ്റിസ് എ കൂടുതൽ അപകടകാരി

സിറിഞ്ചിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് സി കേസുകളിൽ വർദ്ധനവ് ഉണ്ടായിരുന്നെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.

ആരോഗ്യവകുപ്പ് അധികൃതർ

Advertisement
Advertisement