സ്ഥലം വിട്ടുകിട്ടിയില്ല; പബ്ലിക് ഹെൽത്ത് ലാബ് കെട്ടിട നിർമ്മാണം ഉപേക്ഷിക്കും

Monday 10 June 2024 11:46 PM IST

മലപ്പുറം: ജില്ലാ പബ്ലിക് ഹെൽത്ത് ലാബിന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി കണ്ടെത്തിയ സ്ഥലം വിട്ടുകൊടുക്കാൻ വിദ്യാഭ്യാസ വകുപ്പ് മടിച്ചതോടെ പദ്ധതി ആരോഗ്യ വകുപ്പ് ഉപേക്ഷിക്കുന്നു. ലാബിന് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയാൻ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ അനുവദിച്ചിരുന്നു. സമയപരിധിക്കുള്ളിൽ ഫണ്ട് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ നഷ്ടപ്പെടുമെന്നത് ചൂണ്ടിക്കാട്ടി സിവിൽ സ്റ്റേഷനിലുള്ള നിലവിലെ പബ്ലിക് ഹെൽത്ത് ലാബ് നവീകരിക്കാനാണ് തീരുമാനം. ശോചനീയാവസ്ഥയിലുള്ള കെട്ടിടം നവീകരിക്കാനും മുൻഭാഗത്തേക്ക് കൂടി വിപുലീകരിച്ച് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കോട്ടപ്പടിയിലെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിന് പിറകിലെ 25 സെന്റ് സ്ഥലം ലാബിനായി വിട്ടുനൽകണമെന്ന് കാണിച്ച് സെപ്തംബറിൽ ജില്ലാ മെഡിക്കൽ ഓഫീസർ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകുകയും ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. തുടർപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി ലഭിക്കേണ്ടതുണ്ടെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല.

ലാബ് നിലവിൽ സിവിൽ സ്റ്റേഷനിലെ പഴയ കൃഷി വകുപ്പിന്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ തീരെ കുറവാണ്. ജില്ലയുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷം 2018 നവംബറിലാണ് പബ്ലിക് ഹെൽത്ത് ലാബ് ഉദ്ഘാടനം ചെയ്തത്.

കുറഞ്ഞ നിരക്ക്

  • പബ്ലിക് ഹെൽത്ത് ലാബ് കളക്ടറേറ്റിൽ നിന്ന് കോട്ടപ്പടിയിലേക്ക് മാറ്റുന്നതോടെ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും ഉപകാരപ്രദമാവും
  • വിവിധ പരിശോധനകൾക്ക് സ്വകാര്യ ലാബുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്.
  • രാവിലെ 8.30 മുതൽ ഉച്ചയ്ക്കു ശേഷം രണ്ട് വരെയാണ് പ്രവർത്തന സമയം. ഷുഗർ, കൊളസ്‌ട്രോൾ, ലിവർ, കിഡ്നി ഫംഗ്ഷൻ ടെസ്റ്റുകൾ, ബ്ലഡ് കൗണ്ട് തുടങ്ങിയ ടെസ്റ്റുകളും എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗാണു നിർണ്ണയ പരിശോധനയും പബ്ലിക് ഹെൽത്ത് ലാബിൽ നടത്താനാവും.
Advertisement
Advertisement