വീണ്ടും ലോ സ്‌കോറിംഗ് ത്രില്ലര്‍, ബംഗ്ലാദേശിനെ നാല് റണ്‍സിന് മറികടന്ന് സൗത്താഫ്രിക്ക

Monday 10 June 2024 11:51 PM IST

ന്യൂയോര്‍ക്ക്: ഐസിസി ട്വന്റി 20 ലോകകപ്പിലെ ലോ സ്‌കോറിംഗ് ത്രില്ലറുകള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ ഇന്ത്യ പാകിസ്ഥാനെയാണെ മറികടന്നതെങ്കില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ ഊഴമായിരുന്നു പൊരുതി വീഴുന്നതില്‍ ഇന്ന്. നാല് റണ്‍സ് അകലെ ബംഗ്ലാ കടുവകള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ജയിക്കാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ മൊഹമ്മദുള്ള റിയാദ് അടിച്ച ഷോട്ട് ലോംഗ് ഓണില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തകര്‍പ്പന്‍ ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കിയതും മത്സരം സൗത്താഫ്രിക്കയ്ക്ക് അനുകൂലമാക്കി.

സ്‌കോര്‍: സൗത്താഫ്രിക്ക 113-6 (20), ബംഗ്ലാദേശ് 109 -7 (20)

114 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ജയം ഒപ്പമാകുമെന്ന് കരുതി. ഓപ്പണര്‍മാരായ തന്‍സീജദ് ഹസന്‍ 9(9), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 14(23) ലിറ്റണ്‍ ദാസ് 9(13), ഷക്കീബ് അല്‍ ഹസന്‍ 3(4) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ സ്‌കോര്‍ 9.5 ഓവറില്‍ 50ന് നാല്. അഞ്ചാം വിക്കറ്റില്‍ തൗഹിദ് ഹൃദോയ് 37(24), മൊഹമ്മദുള്ള 20(27) സഖ്യം നേടിയ 44 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ബംഗ്ലാദേശ് വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് ഹൃദോയ് റബാഡയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്.

പിന്നീട് വന്ന ജേക്കര്‍ അലി 8(9) അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. ലോംഗ് ഓണില്‍ മാര്‍ക്രത്തിന്റെ ഉഗ്രന്‍ ക്യാച്ച്. തൊട്ടടുത്ത പന്തില്‍ റിഷാദ് ഹൊസൈന്‍ ലെഗ് ബൈ സിംഗിള്‍ നേടിയതോടെ ജയം രണ്ട് പന്തില്‍ ആറ് റണ്‍സ് അകലെ. കേശവ് മഹാരാജ് എറിഞ്ഞ അഞ്ചാം പന്ത് ഫുള്‍ടോസ് ആയി മാറിയപ്പോള്‍ മുഹമ്മദുള്ള റിയാദ് കൂറ്റനടിയിലൂടെ മത്സരം ജയിപ്പിക്കാന്‍ ശ്രമിച്ചു എന്നാല്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് വീണ്ടും മാര്‍ക്രത്തിന്റെ കൈകളില്‍. പകരമെത്തിയ ടാസ്‌കിന്‍ അഹമ്മദിനും ബൗളര്‍ ഫുള്‍ടോസ് സമ്മാനിച്ചെങ്കിലും നേടാനായത് വെറും ഒരു റണ്‍ മാത്രം.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാഗിസോ റബാഡ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ആന്റിച്ച് നോര്‍ക്യ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. ഗ്രൂപ്പിലെ തങ്ങളുടെ മൂന്ന് മത്സരങ്ങളും വിജയിച്ച ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ലേക്കുള്ള പ്രവേശനം ഏറെക്കുറേ ഉറപ്പാക്കി. നേരത്തെ ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളും സൗത്താഫ്രിക്ക വിജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് 20 ഓവറില്‍ നേടിയത്. 44 പന്തില്‍ 46 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിച്ച് ക്ലാസന്‍ ആണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 28(38) മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ക്ലാസന്‍ - മില്ലര്‍ സഖ്യം നേടിയ 79 രണ്‍സാണ് മത്സരത്തില്‍ നിര്‍ണായകമായത്. ക്വിന്റണ്‍ ഡി കോക്ക് 18(11) റണ്‍സ് നേടി. റീസ ഹെന്‍ഡ്രിക്‌സ് 0(1), എയ്ഡന്‍ മാര്‍ക്രം 4(8), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 0(5) എന്നിവര്‍ നിരാശപ്പെടുത്തി.

Advertisement
Advertisement