കെ റൈസ് വാങ്ങിയത് 23.68 ലക്ഷംപേർ: മന്ത്രി അനിൽ

Tuesday 11 June 2024 3:03 AM IST

തിരുവനന്തപുരം: നടപ്പ് സീസണിൽ കാര്യക്ഷമമായി നെല്ല് സംഭരണം നടത്താൻ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. 1100 കോടിയോളം രൂപ കർഷകർക്ക് വിതരണം ചെയ്തു. 500 കോടിയോളം രൂപ മാത്രമാണ് നൽകാനുള്ളത്. കേന്ദ്രം നൽകേണ്ട 1070 കോടി നൽകിയിട്ടില്ല. പി.ആർ.എസ് വായ്‌പയായി തുക കൃത്യമായി കൊടുത്തു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം തുക മുഴുവൻ വിതരണം ചെയ്യും.

ഇതുവരെ 23.68 ലക്ഷം പേരാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ശബരി കെ റൈസ് വാങ്ങിയത്. പൊതുവിപണിയിൽനിന്ന് വാങ്ങുന്ന അരി 12 രൂപ കുറച്ചാണ് നൽകുന്നത്. 117600 ക്വിന്റൽ അരിയാണ് വിതരണം ചെയ്തത്. ഇതിനായി 34.71 കോടി രൂപ ചെലവ് വന്നു. ഇതിലൂടെ സപ്ലൈകോയ്ക്ക് ഉണ്ടായ ബാദ്ധ്യത 14.12 കോടി.

കേന്ദ്രം കേരളത്തിന് നൽകി വരുന്ന ഗോതമ്പ്, മണ്ണെണ്ണ വിഹിതങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചു. കേരളത്തിൽ 43ശതമാനം കാർഡ് ഉടമകൾക്ക് മാത്രമാണ് റേഷൻ അനുവദിക്കുന്നത്. കൂടുതൽപേർക്ക് റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ നേരിട്ടു കണ്ടുവെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement