നിരന്തരം റോഡ് കുഴിക്കൽ:....വീതി കൂട്ടി ഡക്‌ടുകൾ നിർമ്മിക്കുമെന്ന് മന്ത്രി റിയാസ്

Tuesday 11 June 2024 4:06 AM IST

തിരുവനന്തപുരം: നിരന്തരമുള്ള വെട്ടിക്കുഴിക്കൽ ഒഴിവാക്കാൻ വീതി കൂട്ടി ഡിസൈൻഡ് റോഡുകളാക്കി മാറ്റുമ്പോൾ ഡക്ടുകൾ നിർമ്മിക്കുന്നത് വ്യാപകമാക്കുമന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയസഭയിൽ പറഞ്ഞു. പൈപ്പ് ലൈൻ, ഇലക്ട്രിസിറ്റി കേബിളുകൾ, ഇന്റർനെറ്റ്‌ ഫോൺ കേബിളുകൾ തുടങ്ങിയവ പ്രധാനമായും കടന്നുപോകുന്നത് പൊതുമരാമത്ത് റോഡുകളിലൂടെയാണ്. ഡക്ട് നിർമ്മിച്ചാൽ ഇവ അതിലൂടെ കടത്തിവിടാം. 37 റോഡുകളിൽ ഡക്ടുകൾ നിർമ്മിച്ചതായും ടി.പി. രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

പലപ്പോഴും റോഡ് വീതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ എന്തിനാണിത്രയെന്ന് പലരും ചോദിക്കാറുണ്ട്. ഡക്ടുകൾ നിർമ്മിച്ചാൽ റോഡിന് ഗുണമാകും. നിലവിലുള്ള റോഡുകൾക്കനുബന്ധിച്ച് പ്രത്യേക യൂട്ടിലിറ്റി കോറിഡോറുകൾ സാദ്ധ്യമാക്കാനാകുമോ എന്നും പരിശോധിക്കും.

എച്ച്.ഡി.ഡി രീതിയും പരിശോധിക്കുന്നുണ്ട്. അതനുസരിച്ച് നിശ്ചിത ഇടവേളകളിൽ കുഴിയെടുത്ത് മണ്ണിനടിയിലൂടെ പൈപ്പുകൾ കടത്തിവിടാനാകും. ഇത് പരിശോധിക്കാൻ യൂട്ടിലിറ്റി ഏജൻസികളുടെ യോഗം വിളിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷം സംസ്ഥാനത്ത് കൂടുതൽ യൂട്ടിലിറ്റി പ്രവൃത്തി നടന്നു. ഇപ്പോഴും അത് തുടരുന്നു. ജൽജീവൻ മിഷൻ പ്രവൃത്തിക്കാണ് റോഡുകൾ കൂടുതൽ വിട്ടു നൽകിയതെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement