പത്ത് മാസം കൊണ്ട് വിളവെടുക്കാം,​ സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെ വൻഡിമാൻഡ്,​ നേട്ടം കൊയ്യാൻ തമിഴ്‌നാടിന്റെ ടെക്‌നിക്ക് ഇത്

Tuesday 11 June 2024 1:25 AM IST

മൂവാറ്റുപുഴ: കപ്പക്കൃഷി​ ചെയ്ത കർഷകർ ഇപ്പോൾ തലയി​ൽ കൈവച്ചി​രി​ക്കുകയാണ്. കപ്പവി​ല കുത്തനെ കുറഞ്ഞ് മുടക്കുമുതൽ പോലും കി​ട്ടാത്ത അവസ്ഥയി​ലായതാണ് ഇവർക്ക് തി​രി​ച്ചടി​യായത്.

മറ്റ് കാർഷിക വിളകൾക്ക് നല്ല വില ലഭിക്കുമ്പോഴാണ് കപ്പ കർഷകർക്ക് ദുർഗതി. കർഷകർ ചോദിക്കുന്ന വിലയ്ക്ക് കപ്പ, പറിച്ചു നൽകേണ്ട അവസ്ഥയിലാണ് കർഷകർ.

ചില്ലറ വില 30 രൂപ വരെ ഉണ്ടെങ്കിലും മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് വില ലഭിക്കാത്ത അവസ്ഥയാണ്. കപ്പ മൊത്തവ്യാപാരികൾ തോന്നിയ വില നൽകിയാണ് കർഷകരിൽ നിന്നും കപ്പ വാങ്ങുന്നത്.

കഴിഞ്ഞ വർഷം 25 രൂപ മുതൽ 30 വരെ വിലയുയർന്ന കപ്പയ്ക്ക് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത് 13 രൂപ മുതൽ 15 രൂപ വരെയാണ്.

20 രൂപ എങ്കി​ലും കി​ട്ടണം

ഒരു കിലോ കപ്പയ്ക്ക് 20 രൂപ എങ്കിലും ലഭിച്ചാലെ അദ്ധ്വാനിച്ചതിന്റെ ഫലം ലഭിക്കൂ. മിക്ക കർഷകരും കൂലിക്ക് ആളെ വച്ചാണ് കൃഷി ഇറക്കുന്നത്. കഴിഞ്ഞ വർഷം 600 രൂപ കൂലി ഉണ്ടായിരുന്നത് ഈ വർഷം 700 രൂപയാണ് കൂലി. വളം വിലവർദ്ധന, അമിത കൂലി ഇവ​യും ബാധി​ച്ചു

വി​ല്ലനായി​ കാലം തെറ്റിയ കാലാവസ്ഥ

കിഴക്കൻ മേഖലയിൽ വാളകം, ആരക്കുഴ, പായിപ്ര, കുന്നത്തുനാട് എന്നിവിടങ്ങളിൽ തരിശുകിടന്ന ഏക്കറുകണക്കിനു പാടങ്ങളിൽ കപ്പക്കൃഷി വ്യാപകമാണ്. പത്ത് മാസം കൊണ്ട് വിളവെടുക്കുന്ന കപ്പയാണ് അധികവും നടുന്നത്. കപ്പവിഭവങ്ങൾ സ്റ്റാർ ഹോട്ടലുകളുടെ വരെ മെനുവിൽ ഇടം പിടിച്ചതോടെ കപ്പയ്ക്ക് വൻ ഡിമാൻഡായി​രുന്നു. ഹോട്ടലുകളും മറ്റും ഉൾകൊള്ളുന്ന ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടാണ് കപ്പ ഇവിടെ ഉത്പാദിപ്പിക്കുന്നത്.

അയൽ സംസ്ഥാനമായ തമിഴ്നാട് വ്യാവസായിക അടിസ്ഥാനത്തിൽ കപ്പ ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.മൂല്യ വർദ്ധിത ഉത്പന്നങ്ങളും ഇവിടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മി​ക്കുന്നുണ്ട്. എന്നാൽ ഇവിടെ ഇത്തരം സംവിധാനങ്ങളൊന്നുമില്ല. വി​ലയിലെ ഇടിവ് പാട്ടത്തിനു സ്ഥലമെടുത്തു കൃഷി ചെയ്യുന്നവരെയും വലച്ചി​ട്ടുണ്ട്.

..............................................

കപ്പക്കൃഷിചെയ്യുന്നതിനുള്ള ചെലവ് ക്രമാതീതമായി വർദ്ധിച്ചപ്പോഴാണ് കപ്പവില കുത്തനെ ഇടിഞ്ഞത്. കപ്പക്കൃഷിയിൽ നിന്ന് പിൻമാറുന്നതിനെക്കുറി​ച്ച് ആലോചി​ക്കുന്നു. മിക്ക കർഷകരും ബാങ്ക് ലോൺ എടുത്ത് കൃഷി​ ചെയ്യുന്നതി​നാൽ കപ്പകർഷകർ കടക്കെണിയിലാകുകയാണ്.

പി.ജി. പ്രദീപ് കുമാർ, കർഷകൻ മുളവൂർ

Advertisement
Advertisement