നിങ്ങൾ ഞെട്ടിയില്ലേ?​ ഞങ്ങൾ ശരിക്കും ഞെട്ടി! അന്യഗ്രഹ ജീവികൾ വേഷം മാറി നമുക്കിടയിൽ വസിക്കുന്നു

Tuesday 11 June 2024 12:53 PM IST

ലോകം എത്രതന്നെ വികസിച്ചാലും ഇന്നും പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികൾ തന്നെയാണ് അതിന് വലിയ ഉദാഹരണം. ഇന്നും ഈ കാര്യത്തിൽ മനുഷ്യർക്ക് രണ്ട് അഭിപ്രായമാണ് ഉള്ളത്. അന്യഗ്രഹ ജീവികൾ ഇല്ലെന്ന് ഒരു പക്ഷം പേർ പറയുമ്പോൾ മറ്റൊരു പക്ഷം അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് അവകാശപ്പെടുന്നു. ചിലർ അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്.

എന്നാൽ ഇപ്പോഴിതാ ഭൂമിയിൽ നമുക്കിടയിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ശാസ്‌ത്രജ്ഞർ. നൊബേൽ പുരസ്‌കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികൾ മുൻമ്പും ഭൂമിയിൽ വന്നിട്ടുണ്ട്. ഇന്നും ഇവിടെ നിലനിൽക്കുന്നു. ഇക്കാര്യം 100ശതമാനം ശരിയാണെന്നും ഗാരി വാദിക്കുന്നു.

മനുഷ്യരുടെ കൂടെ ഇവർ ഇടപെട്ടിട്ടുണ്ടാകാമെന്നും മനുഷ്യവേഷം ധരിച്ച് നമുക്കിടയിൽ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികൾ ഭീഷണിയാകുമെന്ന് താൻ ഭയപ്പെടുന്നില്ലെന്നും ഗാരി ചൂണ്ടിക്കാട്ടി. യുഎസിലെ മാൻഹട്ടനിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ പ്രബന്ധത്തിലും ഇതിനെക്കുറിച്ച് പരാമർശമുണ്ട്. ഹാർവഡ് സർവകലാശാലയിലെ ശാസ്‌ത്രജ്ഞരുൾപ്പെടെയുള്ളവരാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. ക്രിപ്‌റ്റോടെറസ്ട്രിയൽ സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹ ജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നാണ് ഈ സങ്കല്പത്തിൽ പറയുന്നത്.

ഇത്തരത്തിൽ ജീവികളുണ്ടാകാൻ സാദ്ധ്യയുണ്ടെന്നും ഇവരെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിൽ കാണപ്പെടുന്ന തിരിച്ചറിയാത്ത പേടകങ്ങളെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദ്യകാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിൽ ജീവിതം നയിച്ചിരുന്നുവെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്കാരം നശിച്ചെന്നും പ്രബന്ധം പറയുന്നു. അവർ പൂർണമായി നശിച്ചിട്ടില്ലെന്നും പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement