അധികാരമേൽക്കുമ്പോൾ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂർണമായി ഒഴിവാക്കി; അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമെന്ന് സുധാകരൻ

Tuesday 11 June 2024 3:24 PM IST

തിരുവനന്തപുരം: മുസ്ലീം ജനവിഭാഗത്തെ പൂർണമായി തഴഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ധിക്കാരമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി. ഒരു എംപി പോലും ബിജെപിക്ക് മുസ്ലീം ജനവിഭാഗത്തിൽ നിന്നില്ലെന്നും മൂന്നാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂർണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ജനവിഭാഗത്തെ മൃഗീയമായി കടന്നാക്രമിച്ചാണ് മോദി അധികാരത്തിലേറിയത്. കൊടിയ മതവിദ്വേഷവും വിഷവുമാണ് മോദി ചീറ്റിയത്. നുഴഞ്ഞു കയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ, കെട്ടുതാലിവരെ പിടിച്ചെടുക്കും തുടങ്ങിയ വേദനിപ്പിക്കുന്ന പരാമർശങ്ങളാണ് മോദി നടത്തിയത്. ഇത്രയ്ക്കും പച്ചയായ വർഗീയത ഒരു ഭരണാധികാരിയും പ്രയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ നിന്ന് പോലും പാഠം പഠിക്കാത്ത മോദിയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് വീണ്ടും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ രാഷ്ട്രത്ത് വലിയ ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തിയാണ് മോദി എന്നും പൊതുപ്രവർത്തനം നടത്തിയിട്ടുള്ളത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവരുടെ മുഖമുദ്ര.

എല്ലാവരുടെയും സുസ്ഥിതി, എല്ലാവരെയും വിശ്വാസത്തിൽ, എല്ലാവരോടുമൊപ്പം തുടങ്ങിയ മോദിയുടെ വാക്കുകൾക്ക് പഴഞ്ചാക്കിന്റെ വിലപോലുമില്ല. മോദിയെന്ന ഏകാധിപതിക്ക് രാജ്യം മൂക്കുകയറിട്ടിരിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം. ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും പ്രാതിനിധ്യം എന്നത് സാമാന്യമര്യാദയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷമാണ് ഇന്നു രാജ്യത്തുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച് ഇന്ത്യാമുന്നണിയും അതിനു നേതൃത്വം നൽകുന്ന കോൺഗ്രസും മുന്നോട്ടുപോകുമെന്ന് സുധാകരൻ വ്യക്തമാക്കി.

Advertisement
Advertisement