ബക്രീദിന് നാട്ടിൽ പോകുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ വിലക്ക്

Tuesday 11 June 2024 3:31 PM IST

അബുദാബി: ബക്രീദിനോടനുബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തിരക്ക് ധാരാളമായി അനുഭവപ്പെടുന്ന പീക്ക് പിരീഡുകളിൽ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ബക്രീദിനോടനുബന്ധിച്ച് ജൂൺ 15 മുതൽ 18വരെ യുഎഇയിൽ നാലുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് മലയാളി പ്രവാസികളടക്കം ധാരാളം പേർ നാട്ടിലേയ്ക്ക് യാത്ര തിരിച്ചതോടെ വൻ തിരക്കാണ് ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്.

യാത്രയയപ്പ് നൽകുന്നതും സ്‌നേഹം പ്രക‌ടിപ്പിക്കുന്നതുമെല്ലാം വീടുകളിൽ മതിയെന്നും യാത്രക്കാരെയല്ലാതെ മറ്റാരെയും വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതുഗതാഗതത്തിനും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി ടെർമിനലുകൾ ഒന്നിലും മൂന്നിലുമുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബക്രീദ് അവധി കഴിഞ്ഞ് രണ്ടാഴ്‌ചകൾക്കുശേഷം യുഎഇയിൽ വേനലവധി ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കൂളുകൾ അടയ്ക്കും. ഇതോടെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്ന് വിമാനത്താവള അധികൃതർ പറയുന്നു. ജൂൺ 12 മുതൽ 25വരെ 3.7 ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദിനംപ്രതി 2,64,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 22ന് 2,87,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നുവെന്നും ഈ ദിവസമായിരിക്കും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെതന്നെ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.

Advertisement
Advertisement