ചെയ്‌തതെല്ലാം മനസിലുണ്ട്; ആക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണമെന്ന് ഗവർണർ

Tuesday 11 June 2024 3:42 PM IST

തിരുവനന്തപുരം: നാലാം ലോക കേരള സഭയുടെ ഉദ്ഘാടകനാകണമെന്ന ആവശ്യമായി കാണാനെത്തിയ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനോട് കയർത്ത് സംസാരിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. തന്നോട് ചെയ്തതെല്ലാം മനസിലുണ്ടെന്നും ആക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണമെന്നും അദ്ദേഹം ചോദിച്ചു.

ആക്രമണത്തെ പിന്തുണയ്ക്കുന്നവർക്കൊപ്പം താനില്ലെന്നും നിയമസഭ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. മുമ്പ് ലോക കേരളസഭ നടന്നപ്പോൾ ക്ഷണിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയ ഗവർണർ, ഇപ്പോഴെന്താണ് പുതുമയെന്നും ചോദിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വന്നതെന്നും 13ന് തുടങ്ങുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സർക്കാരിന്റെ നടപടികളിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഗവർണർ, ഉദ്ഘാടകനാകാൻ ഇല്ലെന്നും വ്യക്തമാക്കി. താൻ സർക്കാരിന്റെ സന്ദേശവാഹകൻ മാത്രമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞപ്പോൾ, താങ്കളെ അയച്ചവരോട് പോയി പറയൂ എന്നായിരുന്നു ഗവർണറുടെ മറുപടി.

വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കുനേരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും തന്റെ കാർ തടയുന്ന സ്ഥിതിയുമുണ്ടായപ്പോൾ സർക്കാർ മൗനം പാലിക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ നടപടികളെ ജനാധിപത്യപരമായ പ്രതിഷേധം എന്നു പറഞ്ഞ് ഒമ്പത് മന്ത്രിമാർ ന്യായീകരിക്കുകയായിരുന്നു. ലോക കേരള സഭ, കേരളീയം എന്നിവയിലൂടെ ധൂർത്തും തോന്നിയവാസവുമാണ് നടക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.

Advertisement
Advertisement